Timely news thodupuzha

logo

സണ്ണി ജോസഫിനെതിരേ കമൻ്റുകൾ; കേരളത്തിൻ്റെ സാംസ്കാരിക രംഗം മലയോരക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വ്യക്തമായെന്ന് വിനോയ് തോമിന്റെ പ്രതികരണം

കണ്ണൂർ: പുതിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെതിരേ സോഷ്യൽ മീഡിയയിൽ ഉയർന്ന കമൻ്റുകളിൽ നോവലിസ്റ്റ് വിനോയി തോമസിന്റെ പ്രതികരണം വൈറലായി.

തന്നെപ്പോലെ തന്നെ ഒരു മലയോരക്കാരനാണ് സണ്ണി ജോസഫ് അദ്ദേഹത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ വന്ന നിരവധി കമന്റുകൾ കണ്ടപ്പോൾ കേരളത്തിൻ്റെ സാംസ്കാരിക രംഗം തനി മലയോരക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വ്യക്തമായെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

വിനോയ് തോമസിൻ്റെ പോസ്റ്റ് ഇങ്ങനെ: പലപ്പോഴും കേരളത്തിന്റെ പൊതു സാംസ്‌കാരിക സമൂഹമെന്ന് നമ്മൾ കരുതുന്ന കൂട്ടം എന്നെ കാണുന്നത് ഒരു മലയോര ക്രിസ്ത്യൻ സംവരണ എഴുത്തുകാരനായാണ്. മലയോരം എന്ന ആ ലേബൽ കൊണ്ട് എനിക്ക് ചില സ്പെഷൽ കരുതലുകൾ കിട്ടാറുണ്ട്. പക്ഷെ ആ കരുതൽ അനുഭവിക്കുമ്പോഴൊക്കെ എനിക്ക് തോന്നുക ഞാൻ ഒരു പ്രത്യേക വിഭാഗക്കാരനായി മാറിപ്പോയല്ലോ എന്നാണ്.

ആലോചിക്കുമ്പോൾ ആ വിഭാഗത്തെ പറ്റി അത്ര നല്ല അഭിപ്രായമല്ല സാംസ്ക്‌കാരിക ലോകത്തിന് പൊതുവേയുള്ളതെന്ന് മന സിലാകും. ഞാനുൾപ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവർ കരുതിയിരിക്കുന്നു.

കാട് കൈയേറിയവർ, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവർ, ആദിവാസി സ മൂഹങ്ങളെ നശിപ്പിച്ചവർ, കപ്പയും റബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങ ളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവർ, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവർ, കാല്‌പനികമായ രാഷട്രീയ തത്വശാസ്ത്രങ്ങളിൽ കാര്യമായ വിശ്വാസമില്ലാത്തവർ, പൈങ്കിളിക്കാർ, പരിസ്ഥിതി വിരുദ്ധർ, സർവോപരി കോൺഗ്രസുകാർ… അച്ചൻമാർ, കന്യാസ്ത്രീകൾ, പള്ളി ജീവനക്കാർ, കശാപ്പുകാർ, കർഷകർ, വാറ്റുകുടിക്കുന്നവർ, അശ്ലീലം പറയുന്നവർ, പള്ളിയിൽ പോകുന്നവർ, അധ്വാനിക്കുന്നവർ എന്നിങ്ങനെ ഒട്ടുമേ സാഹിത്യപൊലിമയില്ലാത്ത കഥാപാത്രങ്ങളായി ജീവിക്കുന്ന ഈ സമൂഹം കേരളീയ ജീവിതത്തിന്റെയോ മലയാള സാഹിത്യത്തിന്റെയോ ഭാഗമാണെന്ന് ഇവിടത്തെ സാംസ്‌കാരിക പ്രമാണിമാർ ആരും തന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല. കരിക്കോട്ടക്കരി എന്ന നോവൽ എഴുതിക്കഴിഞ്ഞപ്പോൾ ഒരു പുതിയ ലോകം എനിക്ക് തുറന്നുകിട്ടി. അതോടെ നാൽപതു വയസുവരെ ഞാൻ അനുഭവിച്ച ജീവിതം, അതിൻ്റെ വേദനകൾ, അപമാനങ്ങൾ, മുറിവുകൾ, എൻ്റെ ചുറ്റിലുമാടിയ കഥാപാത്രങ്ങൾ, ഞാൻ കണ്ട കാഴ്‌ചകൾ, എൻ്റെ മതം, എൻ്റെ രാഷ്ട്രീയം, എൻ്റെ കാമനകൾ, എന്റെ പിടിവിട്ട ഭാവനകൾ, എല്ലാത്തിനെക്കുറിച്ചും എഴുതുകതന്നെ എന്ന് ഞാൻ തീരുമാനിച്ചു. ആ തീരുമാനം നടപ്പിലാക്കാൻ എത്രമാത്രം പ്രയാസമുണ്ടെന്ന് എഴുത്ത് എന്ന പ്രക്രിയയുടെ ദുരിതപർവത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവർക്ക് മനസിലാകും. അതുകൊണ്ട് ഏത് മഹാസാഹിത്യകാരനേയും പോലെ എനിക്കും എൻ്റെ എഴുത്ത് പ്രധാനപ്പെട്ടതാണ്.

എന്റെ സാഹിത്യത്തിന്റെ ഗുണദോഷങ്ങളേക്കുറിച്ച് ഒന്നും പറയാതെ മലയാളത്തിലെ കുടിയേറ്റ സംവരണം എന്ന വിഭാഗത്തിലേക്ക് എൻ്റെ കൃതികളെ ഒതുക്കുന്ന ചിലരുണ്ട്. അവർക്ക് അതിന് ഒറ്റ കാരണമേയുള്ളൂ, ഞാനൊരു മലയോരക്കാരനായി ജനിച്ചുപോയി. സാംസ്‌കാരിക തമ്പുരാക്കൻമാരെ സംബന്ധിച്ച് കേരളത്തിൽ പെടാത്ത ഒരു സ്ഥലമാണ് മലയോരം. അവിടന്നുണ്ടാകുന്ന സാഹിത്യം അവർക്ക് മലയാളത്തിൻ്റെ മുഖ്യധാരയിൽ പെടുത്താൻ ഒരിക്കലും കഴിയില്ല.

അതുകൊണ്ട് ഞങ്ങൾ മലയോര സാഹിത്യകാരൻമാർ നന്നായി എഴുതിയാൽ മാത്രം പോരാ, ഞങ്ങളുടെ മതം, ജാതി, ജന്മസ്ഥലം എന്നിവയൊക്കെ വരേണ്യമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റിയെടുത്തെങ്കിൽ മാത്രമേ സ്വീകാര്യത കിട്ടുകയുള്ളൂ. തങ്ങളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെടുത്തവരുടെ കഥയാണ് ഞാൻ കരിക്കോട്ടക്കരിയിൽ പറഞ്ഞത്.

സാഹിത്യരംഗത്ത് മാത്രമാണ് ഈ അവസ്ഥ എന്ന് വിചാരിക്കരുതേ. മലയോരത്ത് വളർന്ന സാധാരണക്കാരനായ ഒരു കോൺഗ്രസുകാരൻ കെപിസിസി പ്രസിഡന്ററ് ആയപ്പോഴും ഈ സാംസ്‌കാരിക പ്രഭുക്കൾ വെട്ടുക്കിളി വിഷപ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്. സണ്ണി ജോസഫ് ഒരു രൂപ മെമ്പർഷിപ്പുള്ള വെറുമൊരു കോൺഗ്രസുകാരൻ മാത്രമായിരുന്ന കാലം മുതൽക്കേ എനിക്ക് അദ്ദേഹത്തെ അറിയാം. കേരളത്തിലെ കോൺഗ്രസുകാർക്ക് വോട്ടു ചെയ്ത് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാൻ അവസാനമായി അവസരം കിട്ടിയത് 1991ലാണ്. ആ സംഘടനാ തെരഞ്ഞെടുപ്പിൽ എന്റെ നാടായ ഉളിക്കല്ലിലെ കോൺഗ്രസുകാർ ഇതാണ് ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ് ഡിസിസി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തയച്ച ആളുടെ പേരാണ് സണ്ണി ജോസഫ്.

അന്നുമുതൽ ഒരു പ്രലോഭനത്തിനും വഴങ്ങാതെ പാർട്ടിക്കും നാടിനും വേണ്ടി അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിൻ്റെ അംഗീകാരമാണ് ഈ കെപിസിസി പ്രസിഡന്ററ് സ്ഥാനം. അവഹേളിക്കുന്നവരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള മാർഗം കഠിനാദ്ധ്വാനമാണ് എന്നു വിശ്വസിക്കുന്ന ഞങ്ങളുടെ രീതിയെക്കുറിച്ച് ഫോണെടുത്ത് വിരലു ചലിപ്പിക്കുക എന്നത് മാത്രം ശീലിച്ച ഈ കമന്റ് കമ്പനികൾക്ക് അറിയില്ലായിരിക്കാം.

സാമൂഹ്യ വിഷയങ്ങൾ മനസിലാക്കാനുള്ള കഴിവ്, പ്രശ്‌നങ്ങൾ വിശകലനം ചെയ്‌ത് പടിപടിയായി അതിന്റെ കുരുക്കഴിക്കുന്ന ബുദ്ധികൂർമത, ചെറിയ കാര്യങ്ങളിൽ പോലുമുള്ള കഠിനാധ്വാനം, നർമബോധം, ഷോ ഇറക്കാതെ നാടിനു ഗുണമുള്ള കാര്യങ്ങൾ ചെയ്യണമെന്നുള്ള മനോഭാവം എന്നിവയൊക്കെ സണ്ണി ജോസഫിൻ്റെ ഗുണങ്ങളായി താൻ നേരിട്ട് നേരിട്ട് അ നുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് വിനോയി വിശദമാക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, അദ്ദേഹം ആർക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്. ഇങ്ങനെയൊക്കെ ഞങ്ങളെ കാണുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളു. ഇത്രയും കാലം കുടിയേറ്റക്കാർ എന്ന പേരിൽ നിങ്ങൾ ഞങ്ങളോട് കാണിച്ച കരുതലിൽ പൊതിഞ്ഞ ആ അവഗണനയുണ്ടല്ലോ, അതിന്റെ കൊമ്പ് ചവിട്ടിയൊടിച്ചിട്ടാണ് ഞങ്ങളിൽ ചിലരൊക്കെ വന്ന് ഇവിടെയിങ്ങനെ നിൽക്കുന്നത്. ആ നിൽപ്പു കാണുമ്പോൾ തെറി വിളിക്കാൻ തോന്നുന്നവരോടും എനിക്ക് സ്നേഹം മാത്രം.

കാരണം നമ്മളെ അവഹേളിക്കുന്നവരോട് എങ്ങനെ പെരുമാ റണമെന്ന് എന്നെ പഠിപ്പിച്ചത് മണ്ണിനെയും കൃഷിയെയും മനു ഷ്യരെയും സ്നേഹിച്ച് കുടിയേറ്റമേഖലയിൽ പുതിയൊരു ലോകം സൃഷ്ടിച്ച എൻ്റെ പൂർവികരും അവരോടൊപ്പം വളർന്ന സണ്ണി ജോസഫ് എന്ന രാഷ്ട്രീയ നേതാവുമാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *