Timely news thodupuzha

logo

പാക്കിസ്ഥാൻ്റെ കസ്റ്റഡിയിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ബിഎസ്എഫ് ജവാൻ

ന്യൂഡൽഹി: പാക്കിസ്ഥാൻ്റെ പിടിയിൽ കടുത്ത മാനസിക പീഡനം നേരിട്ടതായി ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ. പാക് സൈനിക ഉദ്യോഗസ്ഥർ ഉറങ്ങാൻ പോലും അവുവദിക്കാതെ രാപ്പകൽ ചോദ്യം ചെയ്തെന്നും ചോദ്യങ്ങളെല്ലാം അതിർത്തിയിലെ സേന വിന്യാസങ്ങളെക്കുറിച്ചായിരുന്നെന്നും ഷാ വെളിപ്പെടുത്തി. ഭൂരിഭാഗം സമയവും കണ്ണുകൾ മൂടിക്കെട്ടിയിരുന്നു, പാക്കിസ്ഥാൻറെ മൂന്ന് കേന്ദ്രങ്ങളിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

അതിർത്തി ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും അവരുടെ ഫോൺ നമ്പറുകളും ചോദിച്ചതായും പൂർണം ഷാ പറഞ്ഞു. ശാരീരിക ഉപദ്രവങ്ങൾ ഉണ്ടായില്ലെങ്കിലും പലപ്പോഴും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സമ്മതിച്ചില്ലെന്നും ഷാ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23 നാണ് പഞ്ചാബിലെ ഫിറോസ് പുരിൽ വച്ച് അതിർത്തി ഡ്യൂട്ടിക്കിടെ ബിഎസ്എഫ് ജവാൻ പൂർണം ഷായെ പാക്കിസ്ഥാൻ‌ പടികൂടുന്നത്.

ഓപ്പറേഷൻ സിന്ദൂറിലും വെടി നിർത്തലിലും നടന്ന ഡിജിഎംഒ തല ചർച്ചയിലെ ധാരണ പ്രകാരം 22 ദിവസങ്ങൾക്ക് ശേഷമാണ് പൂർണം കുമാർ ഷായെ പാക്കിസ്ഥാൻ മോചിപ്പിച്ചത്.

പ്രോട്ടോക്കോൾ പ്രകാരമുള്ള മൊഴിയെടുപ്പിനിടെയാണ് പാക്കിസ്ഥാൻറെ ഭാഗത്ത് നിന്നും നേരിട്ട കടുത്ത മാനസിക സമ്മർദത്തെക്കുറിച്ച് ഷാ വെളിപ്പെടുത്തിയത്.

നിലവിൽ പൂർണം ഷാ പൂർണ ആരോഗ്യവാനാണെന്ന് ബിഎസ്എഫ് അറിയിച്ചു. മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായാൽ ഷായെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ ഹുബ്ലി സ്വദേശിയാണ് പൂർണം കുമാർ ഷാ.

Leave a Comment

Your email address will not be published. Required fields are marked *