തൊടുപുഴ: റോഡിൽ നിന്നും കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി തിരിച്ച് കൊടുത്ത് ശിവരാമൻ മാതൃകയായി. നെയ്യശ്ശേരി സ്വദേശി മലയിൽ ശിവരാമൻ വ്യാഴാഴ്ച്ച തൊടുപുഴ ന്യൂമാൻ കോളേജിന് സമീപമുള്ള റോഡിലൂടെ നടന്നു പോകുമ്പോഴാണ് റോഡിൽ വീണു കിടന്ന ഫോൺ ശ്രദ്ധയിൽപ്പെടുന്നത്.
ഇതിനെ തുടർന്ന് ശിവരാമന്റെ ബാല്യകാല സുഹൃത്തായ വി.ബി.സി ചാനലിലെ സാബു നെയ്യശ്ശേരിയെ ഫോൺ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്തി ഫോൺ നൽകണമെന്നും ആവശ്യപ്പെട്ടു. ഫോൺ ലോക്ക് ആയതിനാൽ വിളിക്കുവാൻ പറ്റില്ലായിരുന്നു. ഇതിനിടെ ഫോൺ കവറിൽ നിന്നും തൊണ്ടിക്കുഴ ക്ഷേത്രത്തിൻ്റെ ഒരു രസീത് കണ്ടെത്തി. തുടർന്ന് ജന്മഭൂമി ലേഖകൻ അനൂപ് തൊണ്ടിക്കുഴയെ വിളിച്ച് ചോദിച്ചപ്പോഴാണ് ഫോണിന്റെ ഉടമയെ പറ്റി വിവരം ലഭിച്ചത്. അനൂപ് അറിയിച്ചത് അനുസരിച്ച് ഫോണിന്റെ ഉടമയായ കുമാരമംഗലം വേങ്ങത്താനം അയ്യപ്പദാസ് വി.ബി.സി ഓഫീസിൽ വന്ന് ശിവരാമനിൽ നിന്നും ഫോൺ ഏറ്റുവാങ്ങി.
നെയ്യശ്ശേരി സ്വദേശിയാണെങ്കിലും തൊടുപുഴ, മുവാറ്റുപുഴ ഭാഗങ്ങളിൽ ജോലി ചെയ്താണ് ശിവരാമൻ ജീവിക്കുന്നത്. ഇപ്പോൾ മേലുകാവിൽ ഒരു വീട്ടിലാണ് താമസം. വർഷങ്ങൾക്ക് മുമ്പ് ആർ ബാലകൃഷ്ണ പിള്ള നേതൃത്വം നൽകിയിരുന്ന കേരള കോൺഗ്രസിന്റെ പോഷക സംഘടനയായ ഹരിജൻ കോൺഗ്രസിന്റെ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റായി ശിവരാമൻ പ്രവർത്തിച്ചിരുന്നു. ഫോൺ തിരികെ നൽകിയ ശിവരാമന് അയ്യപ്പദാസ് നന്ദി പറഞ്ഞു.