Timely news thodupuzha

logo

ന്യൂഡൽഹിയിലെ ടാക്സി ഡ്രൈവർമാരെ കൊല്ലുന്ന മരണ ഡോക്റ്റർ അറസ്റ്റിൽ

ന്യൂഡൽഹി: ടാക്സി ഡ്രൈവർമാരെ കൊന്ന് മൃദേഹം മുതലയ്ക്ക് തീറ്റയാക്കുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. മരണത്തിൻറെ ഡോക്റ്റർ എന്നറിയപ്പെടുന്ന ഡോ. ദേവേന്ദർ ശർമയാണ് രാജസ്ഥാൻ പൊലീസിൻറെ പിടിയിലായത്. ഇതു വരെയും 50 പേരെയെങ്കിലും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അനധികൃത വൃക്ക മാറ്റിവയ്ക്കൽ, കൊലപാതകക്കേസുകളിൽ 2004ൽ അറസ്റ്റിലായ ശർമയ്ക്ക് 2023ൽ രണ്ട് മാസത്തേക്ക് പരോൾ ലഭിച്ചിരുന്നു. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ‌ തിരിച്ചെത്താതിരുന്ന ശർമ രാജസ്ഥാനിൽ പുരോഹിതനെന്ന വ്യാജേന കഴിഞ്ഞു വരുകയായിരുന്നു. ഇവിടെ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആയുർവേദം ഡോക്റ്ററായ ശർമ 1994 ൽ ഗ്യാസ് ഡീലർഷിപ്പ് നടത്തിയിരുന്ന ശർമ വലിയ സാമ്പത്തിക ബാധ്യത വന്നതോടെയാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്.

ആദ്യം അനധികൃത ഗ്യാസ് ഏജൻസികളാണ് നടത്തിയിരുന്നത്. പിന്നീടാണ് അവയവക്കടത്തിലേക്ക് കടന്നത്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ സംഘത്തിലെ കണ്ണിയായിരുന്നു ഇയാൾ.

വിവിധ സംസ്ഥാനങ്ങളിലായി 126 അനധികൃത വൃക്ക മാറ്റിവയ്ക്കൽ നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2002 മുതൽ 2004 വരെ നിരവധി ടാക്സി, ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തി വാഹനം മറിച്ചു വിൽക്കാൻ തുടങ്ങി. ഇല്ലാത്ത യാത്രകളുടെ പേരിൽ ടാക്സി ഡ്രൈവർമാരെ വിളിച്ചു വരുത്തും.

ഡ്രൈവറെ വക വരുത്തിയതിനു ശേഷം വാഹനം വിറ്റ് പണം വാങ്ങും. കൊല്ലപ്പെടുന്നവരുടെ മൃതദേഹം നിറയെ മുതലകളുള്ള ഹസാര കനാലിൽ വലിച്ചെറിയും. കൊല, തട്ടിക്കൊണ്ടു പോകൽ, കൊള്ള തുടങ്ങി 27 കേസുകളാണ് ശർമയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായി 7 പേരെ കൊലപ്പെടുത്തിയ ശർമയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു കേസിൽ ഗുഡ്ഗാവ് കോടതി വധശിക്ഷയും വിധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *