ബിക്കനേർ: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കനേറിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പറഞ്ഞത്.
ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിന് 22 മിനിറ്റ് കൊണ്ട് 9 ഭീകരക്യാംപുകൾ ഇല്ലാതാക്കി നാം മറുപടി നൽകി. ഭീകരർ മതം ചോദിച്ച് ക്രൂരത നടപ്പാക്കി, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. പഹൽഗാമിൽ ഉതിർന്ന വെടിയുണ്ടകൾ 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തെയാണ് വേദനിപ്പിച്ചത്.
അതിനു മറുപടിയായി അവർക്ക് ചിന്തിക്കാൻ പോലും ആകാത്ത മറുപടി നൽകാൻ രാജ്യം പ്രതിജ്ഞയെടുത്തു. നമ്മുടെ സൈന്യത്തിൻറെ ശക്തിക്കു മുന്നിൽ പാക്കിസ്ഥാൻ തല കുനിച്ചു. സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവർ വെറും പൊടിയായി മാറിയിരിക്കുന്നു. എൻറെ സിരകളിൽ ഇപ്പോൾ തിളയ്ക്കുന്നത് രക്തമല്ല, സിന്ദൂരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി ബിക്കനേർ -മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ദേഷ്നോക്കിലെ കർണി മാതാ ക്ഷേത്രത്തിലും ദർശനം നടത്തി.