കോഴിക്കോട്: മലപ്പാറമ്പിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ നിർണായക മൊഴി പുറത്ത്. അനാശാസ്യ കേന്ദ്രം പ്രവർത്തനത്തിൽ ഡിവൈഎസ്പി റാങ്കിലുളള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ കെ. ഷൈജിതും, കെ സനിതും അന്വേഷണ സംഘത്തിനു നൽകിയ മൊഴി. അനാശാസ്യ കേന്ദ്രത്തിൻറെ നടത്തിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന് കൃത്യമായ അറിവുണ്ടായിരുന്നു എന്നു ഇവർ വ്യക്തമാക്കി.
ഒപ്പം പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും സാമ്പത്തിക സഹായം കൈപ്പറ്റിയെന്നും മൊഴിയുണ്ട്. എന്നാൽ, ഇവർ നൽകിയ മൊഴി അന്വേഷണസംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അനാശാസ്യ കേന്ദ്രം പൊലീസുകാരുടേതായിരുന്നു എന്നു കണ്ടെത്തിയപ്പോൾ അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നതാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. താമരശേരിയിലെ കോരങ്ങാട് മൂന്നാംതോടിലെ സുഹൃത്തിൻറെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് കെ ഷൈജിതിനെയും കെ സനിതിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.