തിരുവനന്തപുരം: ഇത് സ്റ്റാലിന്റെ നാടല്ലെന്ന് പറഞ്ഞുകൊണ്ട് നിയമസഭയിൽ പ്രസംഗം തുടങ്ങിയ വിഡി സതീശൻ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാർ 4500 കോടിരൂപയുടെ നികുതി ഭാരം ജനത്തിന് മേൽ ഉണ്ടാക്കുന്നു. നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ടെന്നും പതിനായിരങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ മറക്കാൻ ജനങ്ങളുടെ തലയിൽ കെട്ടി വെക്കാൻ ഉള്ള ശ്രമത്തെ ആണ് പ്രതിപക്ഷം എതിർക്കുന്നത്. സമാധാന സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു. ഇപ്പോൾ പറയുന്നു, പ്രതിഷേധക്കാർ ആത്മഹത്യാ സ്ക്വാഡുകളാണെന്ന്. ഞങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.