കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് നിന്നും പാലായിലേക്ക് കടക്കാനിരിക്കേ പാലാ കൊട്ടാരമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബോംബ് ഭീഷണി. സ്റ്റാൻഡിനുള്ളിൽ ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നാന്ന് ഭീഷണിയിലുള്ളത്. ശനിയാഴ്ച രാവിലെ കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് കിട്ടി. ഉടൻ തന്നെ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറുകയും ചെയ്തു.
തുടർന്ന് പൊലീസ് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്. കത്ത് ലഭിച്ചതിനു പിന്നാലെ ജീവനക്കാരടക്കം പരിഭ്രാന്തരായി. കത്ത് കണ്ടെത്തിയതായും, ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്തിൽ ഉള്ളതായും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ പറഞ്ഞു. ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ 2 കത്തുകളും പൊലീസിനു കൈമാറി. രണ്ടിലും പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്.