ന്യൂഡൽഹി: എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരും. ഒരു മാസത്തിനകം വസതി ഒഴിയണമെന്നാവും നോട്ടീസ് ലഭിക്കുക.
അതേസമയം, വയനാട് ഉപതെരഞ്ഞെടുപ്പു നടത്തുന്നതിന് തടസ്സമൊന്നുമില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിലയിരുത്തൽ. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.
ലോക്സഭാ അംഗത്വം റദ്ദാക്കിയതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എഐസിസി ആസ്ഥാനത്ത് ഉണ്ടാവും. പ്രതിപക്ഷ പാർട്ടികളെ ഒപ്പം ചേർത്തു കൊണ്ടു വലിയ പ്രക്ഷോഭപരിപാടികൾക്കാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇന്നു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ പരിപാടികൾ നടക്കും. അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പല പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചിരുന്നു.