തൊടുപുഴ: കോടിക്കുളം താലൂക്കിൽ 0.00838 ഹെക്ടർ സ്ഥലത്ത് വീട് നിർമ്മാണത്തിനായി 1862 എം3 മണ്ണ് നീക്കം ചെയ്യുന്നതിന് മൈനിങ് & ജിയോളജി നൽകിയ പാസ് ദുരുപയോഗം ചെയ്ത് 4118 എം3 മണ്ണ്, സ്ഥലത്തിൻ്റെ പുറത്തേയ്ക്ക് നീക്കം ചെയ്തതിന് മൈനിങ് & ജിയോളജി വകുപ്പ്, തൊടുപുഴ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് തന്നെ ചുമത്തിയ പിഴകളിൽ വെച്ച് കൂടിയ തുക പിഴയായി ചുമത്തി കേസെടുത്തു. കോടിക്കുളം വാണിയക്കിഴക്കേതിൽ ജോസ് ജേക്കബിനെതിരെയാണ് കേസെടുത്തത്. പ്രതി പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനാണെന്നാണ് നാട്ടുകാരുടെ ആരോപണം.
14.02.2023 മുതൽ 14.03.2023 വരെയുള്ള കാലയളവിൽ മണ്ണ് ഈ സ്ഥലത്ത് നിന്നും നീക്കം ചെയ്യുന്നതിനായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ സ്ഥലത്ത് നിന്നും നീക്കം ചെയ്ത മണ്ണ് യാതൊരു അനുമതിയും ഇല്ലാതെ ചെറുനിലമെന്ന സ്ഥലത്ത് ബിജോയ്, ജയിംസ് ചക്കുങ്കൽ, മോബി നമ്പാട്ടേൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വയൽ പട്ടയ സ്ഥലത്ത് (കണ്ടം ഭൂമി) വൻതോതിൽ നിക്ഷേപിക്കുകയായിരുന്നു. മാത്രവുമല്ല, ഉത്തരവിൽ പറയുന്നതിൽ അധികം മണ്ണ് സ്ഥലത്ത് നിന്നും നീക്കം ചെയ്തത് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
അനുവദിച്ചതിലധികം മണ്ണ് നിയമവിരുദ്ധമായി നീക്കം ചെയ്തതിനാൽ സർക്കാരിന് ഈ ഇനത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണ്ടെത്തി. സ്ഥലത്ത് നിന്നും അശാസ്ത്രീയമായി വൻതോതിൽ മല അരിഞ്ഞ് മണ്ണ് നീക്കം ചെയ്തത് മൂലം വലിയ മൺതിട്ട രൂപപ്പെട്ടതായും ഇത് മണ്ണിടിച്ചിൽ ഭീഷണിക്ക് കാരണമാകുമെന്നും പഠനത്തിലൂടെ തെളിഞ്ഞു. ഇത്തരം സംഭവങ്ങൾ ഈ ഭാഗത്ത് പതിവാണെന്നും ശിക്ഷാ നടപടികൾ കർശനമാക്കി മണ്ണുമാഫിയകളുടെ പ്രവർത്തനങ്ങൾക്ക് തടയിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.