തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി. തന്നേം കൂടെ കൊന്നു കളയാത്തതെന്തേയ് കോടതിയെന്നായിരുന്നു പ്രഭാവതിയുടെ പ്രതികരണം. വീണ്ടും കോടതിയിൽ പോകാൻ നിവൃത്തി ഇല്ലെന്നും തന്റെ മോനെ അവർ പച്ചയ്ക്ക് തിന്നുവെന്നും അമ്മ പറഞ്ഞു. വളരെ വൈകാരികമായാണ് പ്രഭാവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ പ്രതികളെ മുഴുവൻ വെറുതെ വിട്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ഉദയകുമാർ കേസിൽ അന്വേഷണത്തിൽ പാളിച്ചകൾ ഇല്ല. എങ്ങനെയാണ് പ്രതികൾ വെളിയിൽ ഇറങ്ങിയതെന്ന് തനിക്ക് അറിയില്ല. ആരുടെയെങ്കിലും സഹായം തേടാനും ഒരു വഴിയും ഇല്ല. എല്ലാരും കൂടെ ശ്രമിച്ചാണ് പ്രതിയെ പുറത്തിറക്കിയത്. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് പ്രതി പുറത്തിറങ്ങില്ല. ആരോ ഇതിന് പിന്നിൽ കളിച്ചിട്ടുണ്ട്. അവർക്ക് ശിക്ഷ കിട്ടണം അതാണ് തന്റെ ആവശ്യം. ഒരു കോടതിക്കും ഹൃദയം ഇല്ല. ഞാൻ ഇനി എന്ത് ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞു തരൂവെന്നും പ്രഭാവതി ചോദിച്ചു.
ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.





