രാജാക്കാട്: സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ഇടുക്കിയിലെ ഏതാനും യുവാക്കളുടെ സ്നേഹ കൂട്ടായ്മ ഒരു സിനിമയിലേക്കെത്തിക്കുകയാണുണ്ടായത്.അതാണ് ഉയിരിൻ ഉയിരെ എന്ന മലയാള സിനിമയുടെ പിറവിക്ക് നിമിത്തമായതും.
സിനിമയെ സ്വപ്നം കണ്ടിരുന്ന ഈ യുവ കൂട്ടായ്മ ഒടുവിൽ ആഗ്രഹം പ്രാവർത്തികമാക്കി.ഇടുക്കി തൊടുപുഴ സ്വദേശിയായ അഫിൻ മാത്യു എന്ന യുവാവ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് പൂർത്തീകരിച്ചതാണ് സ്നേഹത്തിനും ത്യാഗത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള നാളെ ഒടിടി റിലീസിനൊരുങ്ങുന്ന ഉയിരിൻ ഉയിരെ എന്ന ചിത്രം. വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിൽ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നീണ്ട നാളത്തെ അന്വഷണങ്ങൾക്കൊടുവിൽ ഈ യുവ കലാകാരൻ ചിത്രം തയ്യാറാക്കിയിട്ടുള്ളത് വയലൻസിനും, അക്രമങ്ങൾക്കും പ്രാധാന്യം കൊടുത്ത് സിനിമ നിർമ്മിക്കുന്ന ഈ കാലത്ത് സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും കഥ പറയുന്ന ഈ സിനിമ പുതു തലമുറയ്ക്ക് ഒരു സന്ദേശം കൂടിയാണ്.മുന്നണിയിലും പിന്നണിയിലും പുതുമുഖങ്ങൾ മാത്രമാണ് അഭിനയിച്ചത്.നായകനായ യദുകൃഷ്ണനും നായികയായ അമൃതയും തൃശൂർ ജില്ലക്കാരാണെങ്കിൽ നായികയുടെ പിതാവായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജാക്കാട് ഷാജിയെന്ന മുല്ലക്കാനം നിവാസിയാണ്.ഇവരെയെല്ലാം ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.തൊടുപുഴ,രാജാക്കാട്, എറണാകുളം, മൈസൂർ, കോയമ്പത്തൂർ എന്നീ ലൊക്കേഷനുകളിലായി 38 ദിവസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.ആദ്യമായാണ് സ്വന്തം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നതെന്നാണ് അഫിൻ ടിക്സ് സ്പീക്കിലൂടെ പറയുന്നത്.ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വരെ 10 മില്യൻ ആളുകൾ ചിത്രത്തിൻ്റെ ടീസർ കണ്ടുകഴിഞ്ഞു.
രാജ്യത്ത് ആദ്യമായി വാട്സാപ്പിലൂടെ ടിക്കറ്റെടുക്കാവുന്ന സംവിധാനവും പ്രേക്ഷകർക്കൊരുക്കിയതായി സംവിധായകൻ അഫിനും പ്രധാന ക്യാരക്ടർ നടനായ ഷാജിയും പറഞ്ഞു. ആസ്വാദകരുടെ സൗകര്യം കണക്കിലെടുത്ത് പോപ്പുലർ, പ്രീമിയം എന്നിങ്ങനെ രണ്ടുതരം ടിക്കറ്റുകളാണുള്ളത്.19 രൂപ മുതൽ 95 രൂപ വരെ മാത്രമാണ് ടിക്കറ്റ് നിരക്കുകൾ.8129966768 എന്ന വാട്സാപ്പ് നമ്പരിലേക്ക് ഹായ് എന്ന് വാട്സാപ്പ് ചെയ്താൽ ടിക്കറ്റ് ഒക്കെയാകും എന്നതും രാജ്യത്ത് ആദ്യ സംരംഭമാണെന്നാണ് സിനിമ പ്രവർത്തകർ പറയുന്നത്.





