ഇടുക്കി: രാജാക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചേലച്ചുവട് കത്തിപ്പാറ സ്വദേശി ചവർണ്ണാൽ സനീഷാ(40)ണ് മരിച്ചത്.രാജാക്കാടിന് സമീപം പന്നിയാർകൂട്ടിയിൽ പോത്തുപാറ – പന്നിയാർകൂട്ടി പാലത്തിലേക്കുള്ള ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പാലത്തിൻ്റെ ഇരുമ്പു കൈവരി തകർത്തുകൊണ്ട് മുതിരപ്പുഴയാറിലേക്ക് വീഴുകയാണുണ്ടായത്. ബൈക്ക് പാലത്തിൻ്റെ തൂണിൽ തങ്ങി നിന്നു. സനീഷ് പാറക്കെട്ടുകളുള്ള ഭാഗത്തേക്കാണ് വീണത്.

ഇന്നലെ രാവിലെ പത്തരയോടു കൂടി പനംകുരു കച്ചവടത്തിനായി ബൈക്കിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്നും ആറ്റിലേക്ക് പതിച്ചത്.
തലയ്ക്ക് പരിക്കേറ്റ സനീഷിനെ നാട്ടുകാരെത്തി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.അതിനായി ആംബുലൻസിൽ കോതമംഗലത്തെത്തിയപ്പോൾ ഇദ്ദേഹം മരണത്തിന് കീഴ്പ്പെടുകയായിരുന്നു. വീഴ്ചയിൽ തലക്കേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം നിലവിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണ്.വെള്ളത്തൂവൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.





