ന്യൂഡൽഹി: ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. പുൽവാമ ആക്രമണം സംബന്ധിച്ച വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡൽഹിയിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ആർകെ പുരം സെക്‌ടർ 12 സെൻട്രൽ പാർക്കിൽ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാപ് പ്രതിനിധികൾ പരിപാടിക്ക് എത്തിയിരുന്നു.
2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്‌ച മൂലമാണെന്ന വെളിപ്പെടുത്തലിൽ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ് നൽകിയിരുന്നു. പഴയൊരു കേസ് കുത്തിപ്പൊക്കിയാണ് നോട്ടീസ്.
റിലയൻസ് ഇൻഷുറൻസിനു വേണ്ടി ഒരു ബിൽ പാസാക്കാൻ ജമ്മു കശ്‌മീർ ഗവർണറായിരിക്കെ ആർ.എസ്എ.സും ബി.ജെ.പി നേതാവ് രാം മാധവും നിർബ്ബന്ധിച്ചതായി മാലിക് ദി വയറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയം മുൻനിർത്തിയാകും ചോദ്യം ചെയ്യലെന്ന് കരുതുന്നതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്‌തു. ഏപ്രിൽ 28 ന് അദ്ദേഹം ന്യൂഡൽഹിയിലെ സി.ബി.ഐ ഓഫീസിൽ ഹാജരാകും എന്നാണ് സൂചന.