Timely news thodupuzha

logo

സ്നേഹവീട് നിർമ്മിച്ച് അടിമാലിയിൽ സൗഹൃദ കൂട്ടായ്മ; താക്കോൽ ദാനം ഇടുക്കി എം.പി: അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു

അടിമാലി: സ്നേഹവീട് നിർമ്മിച്ച് കുടുംബത്തിന് കിടപ്പാടമാെരുക്കി അടിമാലിയിൽ സൗഹൃദ കൂട്ടായ്മ. വെള്ളത്തൂവൽ ഗുരുനിവാസിൽ ശങ്കർ, രാജമ്മ, മകൾ അഞ്ജലി എന്നിവർക്കായാണ് വിവിധ സംഘടനകളും സുമനസുകളും ചേർന്ന് പുതിയ വീടൊരുക്കിയത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ മൂന്നുവർഷമായി നിർമ്മാണം നിലച്ചു കിടന്ന വീടാണ് പണി പൂർത്തിയാക്കി കൈമാറിയത്. അടിമാലി വൈസ്മെൻ ക്ലബ്ബിനൊപ്പം വൈ.എം.സി.എ, അടിമാലി ക്ലബ്ബ്, ലെൻസ്ഫെഡ്, ജൂനിയർ ചേമ്പർ തുടങ്ങിയ സംഘടനകളും സുമനസുകളും കൈകോർത്തു.

പുതിയ വീട്ടുമുറ്റത്ത് ഒരുക്കിയ യോഗത്തിൽ താക്കോൽ ദാനം ഇടുക്കി എം.പി: അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. വൈസ് മെൻ ക്ലബ് പ്രസിഡന്റ് തോമസ് മാടവന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി രാജൻ സ്വാഗതം പറഞ്ഞു. വൈ.എം.സി.എ പ്രസിഡന്റും, വൈസ് മെൻ ഡിസ്ട്രിക്റ്റ് സെക്രട്ടറിയുമായ ബിജു ലോട്ടസ് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു മുഖ്യപ്രഭാഷണം നടത്തി.

സ്‌നേഹവീട് കൂട്ടായ്മ ശേഖരിച്ച അരലക്ഷം രൂപയുടെ ഗൃഹോപകരണ ശേഖരം വൈസ് മെൻ ഇൻറർനാഷണൽ ഡിസ്ട്രിക്ട്-7 ഗവർണർ വി.സി ജോൺസൺ കുടുംബത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അഖിൽ, മെമ്പർ എ.എൻ സജികുമാർ, വില്ലേജ് എക്സറ്റൻഷൻ ഓഫീസർ സരിത കൃഷ്ണൻ, അഡ്വ. ബാബു ജോർജ്, ജോബി കെ. ജോസഫ്, എൻ.എ ജോസ്, ബിജു തോണക്കര,
ഡോ. സി.കെ റോയി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി വേണു, എൻ.എം ജോൺ, കെ.പി ജോയി, സി.എസ് നാസർ, കെ.കെ ശിവദാസ്, വിൽസൻ ആലക്കര, സാലി ബാബു, സിന്ധു അജി തുടങ്ങിയവർ പ്രസംഗിച്ചു. ശിവ ഇലക്ട്രിക്കൽ വർക്സ് ഉടമ പി.പി സുബാഷ്, ഫേബ്രിക്കേഷൻ കമ്പനി ഉടമ കെ.പി ബാബു, ഡ്രൈവർ മനു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അഞ്ചു വർഷം മുൻപാണ് ലൈഫ് മിഷനിൽ പെടുത്തി വീടു പണിക്ക് പണം അനുവദിച്ചത്.
വെളളത്തൂവൽ സർക്കാർ സ്കൂളിനു മുകൾ ഭാഗത്തായി കുന്നിൽ ചെരുവിലെ സ്ഥലത്ത് പാറകൂട്ടങ്ങൾ നീക്കം ചെയ്തു സ്ഥലമൊരുക്കാൻ അധികം പണം ചെലവഴിക്കേണ്ടി വന്നു. ജനൽ പൊക്കത്തിൽ പണി എത്തിയതോടെ ലഭിച്ച പണം തീർന്നു. ഇതിനിടെ ശങ്കറും രാജമ്മയും രോഗികളായതോടെ പണികൾ പാടേ നിലച്ചു. മൂന്നുവർഷത്തിനു ശേഷം സർക്കാർ നടപടിയിലേക്ക് നിങ്ങും എന്ന ഘട്ടത്തിലാണ് ഇവർക്കായി സുമനസുകൾ കൈകോർത്തത്.

Leave a Comment

Your email address will not be published. Required fields are marked *