Timely news thodupuzha

logo

സംസ്ഥാന പാത വികസനം; പറാ പൊട്ടിച്ചു കടത്തൽ വ്യാപകം

നെടുങ്കണ്ടം: സംസ്ഥാന പാത വികസനത്തിന്റെ പേരില്‍ വ്യാപകമായി പറാ പൊട്ടിച്ചു കടത്തുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെ ഭീഷണിയും, അസഭ്യ വര്‍ഷവും. സംസ്ഥാന പാതയായ കമ്പംമെട്ട് വണ്ണപ്പുറം റോഡ് വികസനത്തിന്റെ പേരിലാണ് നെടുങ്കണ്ടം പ്രദേശത്ത് വ്യാപകമായി പാറ പൊട്ടിച്ചു കടത്തുന്നത്. പൊട്ടിച്ച പാറ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിയമപരമായി സര്‍ക്കാരില്‍ നിന്നുള്ള പാസ്സോ മറ്റ് അനുബന്ധ രേഖകളോ ചോദിച്ചാല്‍ ഉടന്‍ പ്രദേശത്തെ പ്രമുഖ ഗുണ്ടകള്‍ രംഗത്തെത്തുകയും ഭീക്ഷണി മുഴക്കലുമാണ് മറുപടി. ഇത് സംബന്ധിച്ച് കളക്ടറെയും പി.ഡ്ബ്ല്യു.ഡി എഞ്ചിനിയറെയും ബന്ധപ്പെട്ടുവെങ്കിലും അന്വേഷണം നടത്താം എന്ന് കളക്ടറുടെ മറുപടി മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം പാറപൊട്ടിക്കല്‍ അനധികൃതമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കല്‍ക്കൂന്തല്‍ വില്ലേജ് ഓഫീര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ ചേമ്പളത്തെ പാറമടയില്‍ നിന്ന് അവധി ദിനങ്ങളായ വെള്ളിയാഴ്ച്ചയും, ഇന്നലെയും അഞ്ചിലധികം വാഹനങ്ങളിലാണ് പാറ കടത്തുന്നത്.ഇതു കൂടാതെ ചതുരംങ്കപ്പാറ, പൊന്നാങ്കാണി പ്രദേശത്തു നിന്നും ഇത്തരത്തില്‍ പാറ പൊട്ടിച്ച് കടത്തുന്നതായാണ് അറിയുവാന്‍ സാധിച്ചത്. ചേമ്പളത്തു നിന്നും പാറ അനധികൃതമായി പാറ കടത്തിയതിന് രണ്ട് ടിപ്പര്‍ ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനം വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു ഭിക്ഷണിയുമായി മണിയുടെ അനുകൂലികള്‍ താലൂക്കോഫീസില്‍ എത്തി തടസ്സം നില്‍ക്കുന്ന ഒരുത്തനും ഇവിടെ കാണില്ലെന്നു ഭിഷണി മുഴക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം.

ദിവസം 20 ലധികം ലോഡുകളാണ് ഒരു ദിവസം ചേമ്പളത്തെ പാറ മടയില്‍ നിന്ന് പാറക്കല്ലുകള്‍ കടത്തുന്നത്. ഇവിടെ സ്വകാര്യ വ്യക്തിയായ പുറ്റനാനിക്കല്‍ അപ്പച്ചന്റെ പട്ടയ ഭൂമിയില്‍ നിന്നുമാണ് ഇത്തരത്തില്‍ പാറ കടത്തുന്നത്. ഇയാളുടെ സ്ഥലത്ത് പാറപ്പൊട്ടിച്ച് സൗജന്യമായി മണിക്കും കൂട്ടര്‍ക്കും കൊടുക്കുന്നതിന്റെ ഫലമായി ഈ സ്ഥലത്ത് അപ്പച്ചന് വീട് വയ്ക്കാനുള്ള അനുമതി ചെയ്തു തരാമെന്നാണ് മറുപക്ഷം വാഗ്ദാനം കൊടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റവന്യൂ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമം നടത്തുന്നുവെങ്കിലും മണിയും കൂട്ടരും അധികാരം ഉപയോഗിച്ചും, കായികമായും നേരിടാനുള്ള ശ്രമമാണ് നടത്തുന്നത്.

പാറ പൊട്ടിച്ചു കടത്തുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ മുകളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും, പാസ്സോ മറ്റ് രേഖകളോ ആവശ്യമില്ലെന്നും, റോഡ് വിസനത്തിന് നിങ്ങള്‍ എതിരു നില്‍ക്കരുതെന്നും തടസ്സം നിന്നാല്‍ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നുമാണ് എം.എം. മണിയുടെ അടുത്ത അനുയായിയുടെ ഭീക്ഷണി. പാറ കടത്തലിനെതിരെ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ എം.എം. മണി നേരിട്ട് ഫോണില്‍ വിളിച്ച് ഭിക്ഷണിപ്പെടുത്തിയതായാണ് അറിയുവാന്‍ സാധിച്ചത്.

കമ്പം മെട്ട് വണ്ണപ്പുറം സംസ്ഥാന പാതയുടെ വികസനത്തിനെന്ന പേരിലാണ് ഖനനം, എന്നാല്‍ ഇവിടെ നിന്ന് പൊട്ടിച്ചെടുക്കുന്ന പാറ വലിയ വാഹനങ്ങളില്‍ മറ്റു പലയിടങ്ങളിലേക്ക് കടത്തുകയാണ് ഇപ്പോള്‍. ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണിയുടെയും ചില ഗുണ്ടാ സംഘങ്ങളുടെയും സഹായത്താലാണ് ഖനനം എന്നാണ് ലഭിക്കുന്ന വിവരം.

സാധാരണ ജനങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ പോലും പാറ പൊട്ടിക്കന്നതിന് അനുമതി ലഭിക്കാത്ത കല്‍കുന്തല്‍ വില്ലേജ് പരിധിയിലാണ് ഇപ്പോള്‍ യാതൊരു തടസ്സവുമില്ലാതെ നിര്‍ബാധം പാറ പൊട്ടിച്ച് കടത്തുന്നത്. ഇത്തരത്തില്‍ 500 കോടിയിലധികം രൂപയുടെ പാറ കച്ചവടമാണ് മൂന്നാര്‍ ഗ്യാപ്പ് റോഡ് വികസനത്തിന്റെ മറവില്‍ മണിയും കൂട്ടരും നടത്തിയതെങ്കിലും ആര്‍ക്കും ഒരു ചെറുവിരളനക്കാന്‍ സാധിച്ചില്ലെന്നും മാത്രമല്ല, എതിര്‍ത്തവര്‍ പലരും ഇന്ന് എവിടെയെന്നു പോലും അറിയില്ലായെന്നതാണ് വസ്തുത. എന്തായാലും മാധ്യമ വാര്‍ത്തകളും നിയമങ്ങളും തങ്ങളെ ഒന്നും ചെയ്യാനാവില്ല എന്നാണ് മണിയുടെ ഒരു അനുയായിയുടെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *