ന്യൂഡൽഹി: സമരങ്ങളെ നിരോധിക്കുന്ന രീതിയിലുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കു പോസ്റ്റൽ ജീവനക്കാരും ബലിയാടായി. കർഷക സമരത്തെ പിന്തുണച്ചത് സർക്കാർ വിരുദ്ധതയാണെന്നു ആരോപിച്ചു സി.പി.എം ആഭിമുഖ്യമുള്ള എൻ.എഫ്.പി.ഇയുടെ അംഗീകാരമാണ് കേന്ദ്ര സർക്കാർ റദ്ദ് ചെയ്തത്.
കേന്ദ്ര സർക്കാരിന് എതിരെ നടന്ന കർഷക സമരവുമായി ബന്ധപ്പെട്ട് സി.പിഎമ്മിനും സി.ഐ.റ്റി.യുവിനും തപാൽ മേഖലയിലെ ഇടതുപക്ഷ അനുകൂല സംഘടനയായ നാഷ്ണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിലെ അംഗങ്ങൾ അവരുടെ അക്കൗണ്ടിൽ നിന്നും 50000 ലധികം രൂപ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ചെയ്തുവെന്ന് ആരോപിച്ചാണ് യൂണിയന്റെ അംഗീകാരം അഖിലേന്ത്യാ തലത്തിൽ റദ്ദു ചെയ്തത്.
പോസ്റ്റൽ മേഖലയിലെ എഴുപത് ശതമാനത്തോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എൻ.എഫ്.പി.ഇ. ഏകദേശം മൂന്ന് ലക്ഷത്തോളം അംഗങ്ങൾ യൂണിയനിലുണ്ട്. ഇത്തരം ഒരു വലിയ തൊഴിലാളി യൂണിയന്റെ അംഗീകാരം ഓൾ ഇന്ത്യാ തലത്തിൽ നിശ്ചലമാക്കിയ സർക്കാരിന്റെ തീരുമാനം ജീവനക്കാരുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
കർഷകരെ പിന്തുണച്ചതുപോലും രാജ്യദ്രോഹമെന്ന നിലപാട് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് .