തൊടുപുഴ: കല്ലാർ ഡാമിൽ നിന്നും ഇന്ന് മുതൽ മെയ് 6 വരെ വെള്ളം തുറന്നുവിടും. ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കുമായാണ് വെള്ളം തുറന്നു വിടുന്നത്. ഇതുമൂലം കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
“കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള 4000 ക്യുബിക് മീറ്റര്‍ വെള്ളം ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ മെയ് 2 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളില്‍ തുറന്നു വിടും.
അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണം.” എന്ന് ജില്ലാ കലക്ടർ അറിയിച്ചു.