കൊല്ലം: സന്ദീപിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റിഅംഗവും പാരലൽ കോളേജ് അധ്യാപകനുമായ ബിനുവിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. പുലർച്ചെ മൂന്നിന് ‘സഹായിക്കണമെ’ന്ന് ഫോൺ വന്നതോടെയാണ് താൻ സന്ദീപിന്റെ വീട്ടിലേക്കു പോയതെന്ന് ബിനു പറഞ്ഞു.
കൈയിലൊരു വലിയ വടിയും കാലിൽ മുറിവുമായി സമീപത്തെ വീടിന്റെ പുറകിൽനിന്ന സന്ദീപ് പൊലീസിന് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. തന്നെ ആരോ ആക്രമിക്കാൻ വരുന്നുണ്ടെന്നും തനിക്ക് പരിക്കുപറ്റിയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സന്ദീപിന്റെ ഒരു ബന്ധുവിനെയും കൂട്ടിയെത്തി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി.
തുടർന്ന് പൊലീസ് വാഹനത്തിൽ സന്ദീപിനെ ആശുപത്രിയിലെത്തിച്ചു. കാലിലെ മുറിവ് ഡ്രസ് ചെയ്തശേഷം എക്സ്‍റേ എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയശേഷം ഹോം ഗാർഡിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സന്ദീപ് പുറകിലൂടെ ആക്രമിച്ചത്.
കഴുത്തിന് കുത്തിയശേഷം തള്ളി നിലത്തിട്ടു. തടയാനെത്തിയ ഹോം ഗാർഡ് അലക്സ് കുട്ടിയെയും കുത്തി. പിടിച്ചുമാറ്റാൻ ശ്രമിച്ച എന്റെ വയറിൽ വീണ്ടും കുത്തി.
തുടർന്ന് ഒരു മുറിയിൽ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്. ഇതിനുശേഷമാണ് സന്ദീപ് ഡോ. വന്ദനയെ ആക്രമിച്ചത്. ബോധം വന്നപ്പോൾ ആശുപത്രിയിൽ കിടക്കയിൽ ആയിരുന്നു.