മൂലമറ്റം: ഇടുക്കി ജില്ലയിലെ ആദ്യത്തെ ജലബജറ്റ് ഇന്ന് പ്രകാശനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലെയും ജല ആവശ്യകതയും ലഭ്യതയും സംബന്ധിച്ച സമഗ്ര ചിത്രമാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ ജലബജറ്റിലൂടെ ലഭ്യമാകുന്നത്.
വെള്ളം സുലഭമായിരിക്കുമ്പോഴും കുടിവെള്ളക്ഷാമം എന്ന വൈരുധ്യം പരിഹരിക്കുകയാണ് ജലബജറ്റ് തയ്യാറാക്കിയതിന് പിന്നിലുള്ളത്. ഇതിനായി ഒരു ശാസ്ത്രീയമായ സമീപനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജലബജറ്റ് മുന്നോട്ടുവെയ്ക്കുന്നു.
ഗാർഹികം, കൃഷി, മൃഗസംരക്ഷണം, മറ്റാവശ്യങ്ങൾ എന്നിവയ്ക്കായുള്ള ഓരോ പഞ്ചായത്തിന്റെയും ജല ഉപയോഗത്തിന്റെ വിശദാംശങ്ങളെല്ലാം പ്രത്യേകമായി ശേഖരിച്ചും ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സി.ഡബ്ല്യു.ആർ.ഡി.എം.) ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് അപഗ്രഥിച്ചുമാണ് ബജറ്റ് തയ്യാറാക്കിയത്.
ഉച്ചയ്ക്ക് ഒന്നിന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ബ്ലോക്ക് പഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്യും. പ്രസിഡന്റ് രാജി ചന്ദ്രൻ, പദ്ധതിയുടെ നോഡൽ ഓഫീസർ കൂടിയായ ബി.ഡി.ഒ. മുഹമ്മദ് സബിർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. ആറ് പഞ്ചായത്തുകളുടെയും ബജറ്റ് പ്രകാശനം ഇനിയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് നവകേരളം ജില്ലാ കോർഡിനേറ്റർ ഡോ.വി.ആർ.രാജേഷ് പറഞ്ഞു.
കൃഷി, ജലസേചനം, ഭൂജലം, മണ്ണ് സംരക്ഷണം, മണ്ണ് സർവേ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളും തൊഴിലുറപ്പ് പദ്ധതിയും സഹകരിച്ചാണ് ഹരിതകേരളം മിഷൻ ജലബജറ്റ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭാരവാഹികൾക്കും വിവിധ വകുപ്പുദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് ജലബജറ്റ് പദ്ധതി നടപ്പാക്കുന്നത്.