ഇടുക്കി: എസ്.ജെ ബാഡ്മിൻ്റൺ അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ 15 ദിവസം നീണ്ടു നിന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ജി സത്യൻ ഉദ്ഘാടനം ചെയ്തു. കായിക പരിശീലനത്തിന് ഉതകുന്ന സംവിധാനങ്ങൾ ജില്ലാ ആസ്ഥാന മേഖലയിൽ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുൻ കൈയെടുക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ടർഫ് കോർട്ട്, നീന്തൽ കുളം ഉൾപ്പെടെ യുവതലമുറയ്ക്ക് ഏറ്റവും അത്യാവശ്യമായ കായിക പരിശീലന സംവിധാനങ്ങൾ ജില്ലാ ആസ്ഥാന മേഖലയിൽ എമ്പാടും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുവാൻ പദ്ധതിയിടുന്നതായും കെ.ജി സത്യൻ അറിയിച്ചു.

ഇടുക്കി ടൗണിന് സമീപത്തായിട്ടാണ് എസ്.ജെ ബാഡ്മിൻറൺ അക്കാദമി പ്രവർത്തിക്കുന്നത്. മലയോര മേഖലയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനത്തിനുള്ള സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഇത്തരത്തിൽ ഒരു ബാഡ്മിൻറൺ അക്കാദമി ഒരുക്കിയതെന്ന് മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോസ് അറിയിച്ചു.
പരിശീലനത്തിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സന്തോഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി അംഗം എ.പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാച് ജോസഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിശീലകൻ ജിതിൻ വി.എ, നെവിൻ സാജു, സാജു മംഗലത്ത്, ടോം സാജൻ എന്നിവർ ആശംസകൾ അറിയിച്ചു.