കൊച്ചി: ലക്ഷദീപിൽ ആദ്യ വനിതാ ജഡ്ജിയായി മലയാളിയായ രമ്യ മേനോൻ. 2022 ഡിസംബറിലാണ് രമ്യ മേനോനെ സബ് ജഡ്ജ് കം സി.ജെ.എമ്മായി നിയമിച്ചത്. 1969ലാണ് കേരളത്തിൽ നിന്നുള്ള നിയമ ബിരുദ ധാരികളെ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് ഇന്നത്തെ നിലയിലുള്ള കോടതി പ്രവർത്തങ്ങൾക്ക് ലക്ഷദീപിൽ തുടക്കമായത്.
അങ്ങനെ ഏറെക്കാലമായി വിരോധാഭാസമായി നില നിന്നിരുന്ന ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും വേർപെടുത്തി. ഇതനുസരിച്ചു ആന്ത്രോത്ത്, അമിനി എന്നിവിടങ്ങളിൽ മുൻസിഫ് കോടതികളും കവരത്തിയിൽ ഒരു സബ് കോടതിയും സ്ഥാപിതമായി. ആന്ത്രോത്ത് മുനിസിഫ് കോടതിയ്ക്ക് കവരത്തി, ആന്ത്രോത്ത്, കൽപ്പേനി, മിനിക്കോയി തുടങ്ങിയ ദീപുകളിന്മേലും അമിനി മുൻസിഫ് കോടതിയ്ക്ക് അഗത്തി, അമിനി, കടമത്ത്, കിൽത്താൻ, ചെത്ത് ലത്ത്, ബിത്ര എന്നിവിടങ്ങളിന്മേലും അധികാരം നൽകി.
കവരത്തി സബ് കോടതിയ്ക്ക് എല്ലാ ദീപുകളിന്മേലും അധികാരമുണ്ടായിരുന്നു. അതുപോലെ കോഴിക്കോട് ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജിയെ ലക്ഷദീപിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടെ ചുമതലയും നൽകി നിയമിച്ചു. വൻകരയിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് പകരമായി ലക്ഷദീപ് സ്വദേശിയായ ബി.അമാനുള്ളയെ 1984ൽ ആന്ത്രോത്ത് മുൻസിഫായി നിയമിച്ചുകൊണ്ട് ലക്ഷദീപ് നീതിന്യായ ചരിത്രത്തിലെ ഒരു നൂതന അധ്യായത്തിന് തുടക്കം കുറിച്ചു.
2012 ൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് -1 ആയിട്ടാണ് രമ്യ മേനോൻ നിയമിതയാകുന്നത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ മജിസ്‌ട്രേറ്റായും തൃശൂരിൽ അഡീഷണൽ സി.ജെ.എമ്മായും പ്രവർത്തിച്ചു. തുടർന്നാണ് ലക്ഷദീപിൽ സബ് ജഡ്ജ്.കം.സി.ജെ.എമ്മായി നിയമിതയായത്. ദ്വീപിലെ ആദ്യ വനിതാ ജഡ്ജിയെന്ന വിശേഷണവും രമ്യ മേനോന് ലഭിച്ചു. ആലുവ കടുങ്ങല്ലൂർ സ്വദേശിനിയാണ് രമ്യ. അഡ്വ.ഗിരീഷ് എ രാജാണ് ഭർത്താവ്. മക്കൾ: സായ, സമയ(വിദ്യാർത്ഥിനികൾ, വിശ്വജ്യോതി പബ്ലിക് സ്കൂൾ, അങ്കമാലി), ശിവ.