പത്തനംതിട്ട: തിരുവല്ല മത്സ്യ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 115 കിലോ അഴുകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്.
ഇന്ന് പുലർച്ചെ മൂന്ന് മണിമുതൽ ആറുമണിവരെയായിരുന്നു പരിശോധന. മത്സ്യം വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാൽ മുഴുവൻ മത്സ്യവും പരിശോധിക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. മീനിൽ രാസവസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
എന്നാൽ മത്സ്യങ്ങൾ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിൻറെ ഒപ്പം ഉണ്ടായിരുന്ന മൊബൈൽ യൂണിറ്റിൽ ഉടൻ തന്നെ പരിശോധന നടത്തുകയായിരുന്നു.