തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളോടു ചേർന്ന് ഗവേഷണ പാർക്കുകൾ ആരംഭിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ആർ.ബിന്ദു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നതാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാല റിസർച്ചേഴ്സ് ഫെസ്റ്റ്, ഹൈറ്റ്സ് 2023ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യുവഗവേഷകർക്കായി അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.
സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് പ്രതിവിധി നിശ്ചയിക്കാൻ കഴിയുന്ന വിധത്തിൽ ഗവേഷണ പ്രബന്ധങ്ങളെ ഉപകരിക്കണം. റിസർച്ചേഴ്സ് ഫെസ്റ്റ് മികവോടെ നടത്തിയത് ഉന്നതവിദ്യാഭ്യാസ വകുപ്പിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.