കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് എൻ.എസ്.എസ് ഡയറക്റ്റർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ ഒഴിവാക്കി. പകരം കെ.ബി.ഗണേഷ് കുമാറിനെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 26 വർഷമായി ഡയറക്റ്റർ ബോർഡിൽ അംഗമാണ് മധു.
സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് തകർക്കാൻ ശ്രമിക്കുന്നുവെന്നും അവർ കൊടുംചതിയാണ് ചെയ്യുന്നതെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതിനിധി സഭയിൽ ആരോപിച്ചിരുന്നു. മധുവിനെ ഒഴിവാക്കിയതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങി പോയി.
പ്രശാന്ത് പി.കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് മധുവിനൊപ്പം ഇറങ്ങിപ്പോയത്.
മന്നം മുന്നോട്ടു വച്ച നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും സുകുമാരൻ നായർക്കൊപ്പം പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണെന്നും കലഞ്ഞൂർ മധു മാധ്യമങ്ങളോട് പറഞ്ഞു. എൻ.എസ്.എസിൽ ഏറെ കാലമായി നീണ്ടു നിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് മറ നീക്കി പുറത്തു വന്നത്.