Timely news thodupuzha

logo

മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിസ്ഥാനം രാജി വച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശൻ

ന്യൂഡൽഹി: കൈതോലപ്പായിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രിസ്ഥാനം രാജി വച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ശക്തിധരൻ നടത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും ന്യൂഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ചക്കെത്തിയ സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കലൂരിലെ ദേശാഭിമാനി ഓഫിസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം ഓലപ്പായിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി എന്നാണ് വെളിപ്പെടുത്തൽ.

നിലവിൽ മന്ത്രിസഭയിൽ അംഗമായിരിക്കുന്ന നേതാവും കാറിൽ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. 2.35 കോടി രൂപയാണ് കൊണ്ടു പോയത്. തിരുവനന്തപുരത്ത് 20 ലക്ഷം രൂപ വാങ്ങിയതിൻറെ കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഈ പണം എവിടെ നിന്നും ആരിൽ നിന്നും ലഭിച്ചുവെന്നും അന്വേഷിച്ച് കണ്ടെത്തണം.

പിണറായി വിജയൻറെ കൂടെ നിന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിയ ആൾ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു. കേരളത്തിൽ പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്ന ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും ഇരട്ടനീതി പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *