ന്യൂഡൽഹി: മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻസിങ് നയിക്കുന്ന ബിജെപി സർക്കാരുമായി സമാധാനത്തിനില്ലെന്ന് കുക്കികളുടെ ഉന്നത സംഘടനയായ കുക്കി ഇൻപി മണിപ്പുർ(കിം). ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കുക്കി സംഘടനകളുമായും വ്യക്തികളുമായും ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സംഘടന തള്ളി.
ചർച്ച നടത്തിയവരുടെ പേര് വെളിപ്പെടുത്താനും ബിരേൻസിങ്ങിനെ വെല്ലുവിളിച്ചു. സ്വേച്ഛാധിപതിയായ ബിരേൻ സിങ്ങിന്റെ ഭരണത്തിൽ അനുഭവിക്കുന്ന പീഡനങ്ങളിൽ നീതി ലഭിക്കുംവരെ ചർച്ചയ്‌ക്കില്ല.
മുഖ്യമന്ത്രിയുടെ സഹായത്തോടെയാണ് മെയ്‌ത്തീ സായുധ സംഘങ്ങൾ ആക്രമണം നടത്തുന്നത്. അക്രമവും സമാധാനവും ഒരുമിച്ച് പോകില്ലെന്നും കിം നേതാക്കൾ പറഞ്ഞു. രാജിനാടകത്തിനുശേഷം സമാധാന ചർച്ച തുടങ്ങാനുള്ള ബിരേൻസിങ്ങിന്റെ നീക്കത്തിനിത് വന്‍ തിരിച്ചടിയായി.
തദ്ദേശീയ ട്രൈബൽ ലീഡേഴ്‌സ് ഫോറവും(ഐടിഎൽഎഫ്) ബിരേൻസിങിന്റെ അവകാശവാദം തള്ളി. തിങ്കളാഴ്‌ച കാങ്‌പോപ്പി ജില്ലയിലെ ഫൈലെങ് ഗ്രാമത്തിൽ അഞ്ചുമണിക്കൂർ നീണ്ട വെടിവയ്‌പുണ്ടായി. കാങ്‌പോപ്പിയിൽ ജൂലൈ രണ്ടിന് പിടികൂടിയ അഞ്ചു മെയ്‌ത്തീ യുവാക്കളെ കുക്കികൾ വിട്ടയച്ചു.
ബിജെപി എംപിയുടെ നേതൃത്വത്തിലുള്ള മെയ്‌ത്തീ സായുധ സംഘടനയായ അരംബായ് തെങ്കലുമായി ബന്ധമുള്ളവരാണ് യുവാക്കളെന്ന് കുക്കികൾ അറിയിച്ചു.