കൊച്ചി: നിർമ്മല കോളെജ് വിദ്യാർഥിനി റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകമടക്കം നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്.
ബൈക്ക് ഓടിച്ചിരുന്ന ആൻസൻ റോയിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമായ നിലയിൽ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതി സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അപകടം നടക്കുമ്പോൾ ഇയാൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണിപ്പോൾ.
അപകടശേഷവും അൻസൺ തട്ടിക്കയറിയതായി വിദ്യാർഥികൾ ആരോപിച്ചു. ‘വാഹനമായാൽ ഇടിക്കും’ എന്നായിരുന്നു ആൻസന്‍റെ പ്രതികരണം. ഇതിനു പിന്നാലെ വിദ്യാർഥികൾ ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അപകടത്തിന് മുൻപും ഇയാൾ കോളെജ് പരിസരത്ത് അമിത വേഗത്തിൽ ചുറ്റിക്കറങ്ങിയിരുന്നു. കോളെജിനു മുന്നിൽ ബൈക്ക് ഇരമ്പിച്ചതിനെ തുടർന്ന് ഇയാളും വിദ്യാർഥികളുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് മടങ്ങിയ ഇയാൾ വീണ്ടും അമിത വേഗത്തിൽ തിരിച്ചെത്തിയപ്പോഴാണ് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബുധനാഴ്ച്ചയാണ് ബൈക്കിടിച്ച് ബികോ അവസാന വർഷ വിദ്യാർഥിനിയായ ആർ നമിത കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുശ്രീ രാജിനും പരിക്കേറ്റു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.