ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പഠനത്തിനു പിന്നിൽ. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി.
തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്നും പഠനത്തിൽ കണ്ടെത്തി.
കേരളത്തിൽ കോഴിക്കോട്, അസമിലെ ധുബ്രി, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ പ്രദേശങ്ങളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം നേരത്തേ കണ്ടെത്തിയിരുന്നു.
എന്നാൽ, രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നില്ല. അതിന്‍റെ ഭാഗമായാണ് ഇപ്പോൾ സർവേ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.