Timely news thodupuzha

logo

ഭീമ- കൊറേഗാവ് കേസ്; തടവിൽ കഴിയുന്ന വെർണോൻ ഗോൺസാൽവസിനും അരുൺ ഫെരേരിക്കും സുപ്രീം കോടതി ജാമ്യം നൽകി

ന്യൂഡൽഹി: ഭീമ- കൊറേഗാവ് കേസിൽ മാവോയിസ്റ്റുകളുമായി ബന്ധമാരോപിക്കപ്പെട്ട് അഞ്ച് വർഷമായി തടവിൽ തുടരുന്ന വെർണോൻ ഗോൺസാൽവസ്, അരുൺ ഫെരേരി എന്നിവർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.

ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് യു.എ.പി.എ ചുമത്തി ജയിലിൽ അടക്കപ്പെട്ട ഇരുവർക്കും ജാമ്യം നൽകിയത്.

കുറ്റം ഗൗരവതരമാണെങ്കിലും ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവരോടും പാസ്പോർട്ട് പൊലീസിൽ ഏൽപ്പിക്കണമെന്നും മഹാരാഷ്ട്രയ്ക്കു പുറത്തേക്ക് പോകരുതെന്നും ഉപാധി വച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന എൻഐഎയ്ക്ക് വിലാസം നൽകണമെന്നും ഒരു ഫോണിൽ കൂടുതൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ബോംബേ ഹൈക്കോടതി വിധിക്കെതിരേയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 2017 ഡിസംബർ 31ന് പുനെയിൽ വച്ചു നടന്ന എൽഗർ പരിഷത് കോൺക്ലേവിന് മാവോയിസ്റ്റുകളുടെ ഫണ്ടിങ് ഉണ്ടെന്ന് ആരോപിച്ചാണ് പുനെ പൊലീസ് കേസെടുത്തത്.

പിറ്റേ ദിവസം ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് യുദ്ധ സ്മാരകത്തിനു മുൻപിൽ നടത്തിയ സമ്മേളനം അക്രമത്തിന് വഴി വച്ചു.

ധാവ്‌ല , ഷോമ സെന്‍ , റോണ വില്‍സണ്‍ , സുധ ഭരദ്വാജ് , ഗൗതം നവ്‌ലാഖ, വരവര റാവു , പ്രൊഫ. സായിബാബ, ഫാ. സ്റ്റാന്‍ സ്വാമി , അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങി 16 പേര്‍ക്കെതിരെയാണ് യു എ പി ഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *