Timely news thodupuzha

logo

താനൂർ കസ്റ്റഡി മരണം, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ്

തിരുവനന്തപുരം: താനൂരിൽ പൊലീസ് കസ്റ്റഡിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ് രംഗത്ത്.

ശരീരത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്ന സർജൻറെ റിപ്പോർട്ട് തെറ്റാണെന്നും പൊലീസിനോടുള്ള മുൻവൈരാഗ്യമാണ് ഇത്തരമൊരു റിപ്പോർട്ട് നൽകാൻ കാരണമെന്നുമാണ് ആരോപണം.

ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുൻപ് മരണകാരണം സ്ഥിരീകരിച്ചതിൽ ദുരൂഹതയുണ്ട്, വിദഗ്ധ ഡോക്‌ടർമാരുടെ സംഘം വീണ്ടും പോസ്റ്റുമാർട്ടം നടത്തണമെന്നും പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

താമിർ ജിഫ്രിയുടെ വയറ്റിൽനിന്നും ലഭിച്ച ലഹരി പദാർഥങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽനിന്നാണ് ഫലം ലഭിക്കേണ്ടത്.

വയറ്റിൽ നിന്ന് രണ്ട് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ലഭിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശരീരത്തിനകത്ത് എത്ര ലഹരിമരുന്ന് കലർന്നെന്ന് മനസിലാക്കാൻ രാസപരിശോധനാ ഫലം ലഭിക്കണമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *