ന്യൂഡൽഹി: കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ(സി.എ.ഐ.റ്റി) ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 24, 25, തീയതികളിൽ റായ്പൂരിൽ നടക്കും. ദേശീയ പ്രസിഡൻറ് ബി. സി. ഭാർട്ടിയാ അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ റിപ്പോർട്ട് അവതരിപ്പിക്കും.
കേരളത്തിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്വത്തിൽ പ്രതിനിധികൾ പങ്കെടുക്കും. വ്യാപാരികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് പോലും എല്ലാ കാലഘട്ടങ്ങളിലേയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
വ്യാപാരികൾക്ക് അനുകൂലമായിട്ടുള്ളതും, ഇക്കാലമത്രയും വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതും ആയ നിലപാട് സ്വീകരിക്കുന്നവർക്ക് മാത്രമേ വ്യാപാരികളുടെ വോട്ടുള്ളൂ എന്ന നയത്തിൻറെ ഭാഗമായിട്ടാണ് വ്യാപാരികൾ സ്വയം വോട്ട് ബാങ്ക് ആയി മാറുന്നതിനെ കുറിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് ചർച്ച ചെയ്യുന്നതെന്ന് ദേശീയ പ്രസിഡണ്ട് ബി. സി ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ സെക്രട്ടറിഎസ്. എസ് മനോജ്, ദേശീയ പ്രവർത്തക സമിതി അംഗം പി വെങ്കിട്ടരാമയ്യർ എന്നിവർ പറഞ്ഞു.
വ്യാപാരം തുടങ്ങുവാൻ ലൈസൻസ് എടുക്കുന്നത് മുതൽ, ആ വ്യാപാരി മരണപ്പെടുന്നത് വരെ, അയാളെ വിവിധ വിഷയങ്ങളിൽ കാര്യമായി അലട്ടുന്ന നിയമ സംവിധാനങ്ങളാണ് ഒരു വ്യാപാരിക്ക് നേരിടേണ്ടി വരുന്നത്.
ഇതിന് ഒരു മാറ്റം ഉണ്ടാകണം. വ്യാപാരികൾ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾക്ക് സഹായകമാകുന്ന നിലപാടെടുക്കുകയും, അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ വോട്ടുള്ളൂ എന്ന നിലപാട് ആയിരിക്കും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് റായ്പുർ സമ്മേളനത്തിൽ കൈക്കൊള്ളുക എന്ന് നേതാക്കൾ പറഞ്ഞു.
ഇതു മുന്നിൽകണ്ട് സെപ്റ്റംബർ 15 മുതൽ ദേശ വ്യാപകമായി വ്യാപാര സ്വരാജ് യാത്ര യ്ക്ക് തുടക്കം കുറിക്കും രാജ്യത്തെ ഏകദേശം എല്ലാ നഗരങ്ങളിലും യാത്ര എത്തുന്ന നിലയിലാണ് ക്രമീകരിക്കുക എന്നും നേതാക്കൾ പറഞ്ഞു.
രാജ്യത്തെ റീട്ടെയിൽ വ്യാപാരികളുടെ സംരക്ഷണത്തിന് ആവശ്യമായ പുതിയ ഈ കോമേഴ്സ് പോളിസി നടപ്പിലാക്കുന്നതിനും, ജി.എസ്. റ്റി നിയമത്തിൽ കാലോചിതമായി ഭേദഗതി വരുത്തുന്നതിനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ ഉള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.
ഭാരതത്തിലെ വ്യാപാരികളെ ഡിജിറ്റൽ വ്യാപാരത്തിന് സജ്ജമാക്കുക, വാട്സ് ആപ്പുമായി കൈകോർത്തു കൊണ്ട് നടപ്പിലാക്കുന്ന വാട്സ് ആപ്പ് സെ വ്യാപാർ പദ്ധതിയുടെ നടത്തിപ്പ്, തുടങ്ങിയ 21 ഇന അജണ്ടയാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ദേശീയ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ചർച്ചയാകുന്നത്.