മലപ്പുറം: കെെക്കൂലി ആരോപണത്തിൽ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ ഹരിദാസന്റെ മൊഴിയെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴിയെടുത്തത്.
ആയുഷ് വകുപ്പിൽ ഡോക്ടർ നിയമനത്തിന് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഹരിദാസൻ ആരോപണം ഉന്നയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയ സംഭവത്തിലാണ് മൊഴി എടുക്കുന്നത്.
ഹരിദാസന്റെ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് സംഘം മലപ്പുറത്തേക്ക് തിരിച്ചതെന്ന് എ.സി.പി സ്റ്റുവർട്ട് കീലർ പറഞ്ഞു. ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം നൽകാമെന്ന വാഗ്ദനത്തിൽ ഡോക്ടറുടെ പക്കൽ നിന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പണം വാങ്ങിയെന്നാണ് ആരോപണം.
പണം നൽകിയ ഡോക്ടറുടെ ഭർതൃപിതാവായ ഹരിദാസാണ് തപാൽ മുഖേന പരാതി നൽകിയത്. ഇതേസമയം മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയ മലപ്പുറം സ്വദേശി ബാസിദുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ല. ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം ബാസിദിലേക്കും നീങ്ങും.