തിരുവനന്തപുരം: കാട്ടാക്കടയിൽ കത്ത് എഴുതിവച്ച ശേഷം വീട് വിട്ടുപോയ പതിമൂന്നുകാരനെ കണ്ടെത്തി. കുട്ടി കാട്ടാക്കടയിൽ നിന്നും ബാലരാമപുരത്തേക്ക് ബസിൽ കയറി പോയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവില് ആണ് കുട്ടിയെ കണ്ടെത്തുന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കുട്ടിയെ കാണാതാവുന്നത്.
ആനക്കോട് സ്വദേശിയായ അനിൽകുമാറിൻറെ മകൻ ഗോവിന്ദനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർക്ക് കത്ത് ലഭിക്കുന്നത്. എട്ട് എയിൽ പഠിക്കുന്ന തൻറെ സുഹൃത്തിന് കളർ പെൻസിലുകൾ കൊടുക്കണമെന്നും ഞാൻ പോകുന്നു എന്നുമാണ് കത്തിൽ എഴുതിയിരുന്നത്.
തുടർന്ന് കാട്ടക്കട പൊലീസ് നടത്തിയ അന്വേഷണത്തിൽ രാവിലെ 5.30 ന് പട്ടക്കുളം പ്രദേശത്തെ സി.സി.റ്റി.വിയിൽ കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്.