തൊടുപുഴ: നഗരത്തിൽ മോർ ജംഗ്ഷനിൽ അനുദിനം വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നഗരസഭ അധികൃതരും വിവിധ വകുപ്പു ഉദ്യോഗസ്ഥരും ഊർജിത നടപടികൾ ആരംഭിച്ചതായി പറഞ്ഞെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമെന്ന് ആക്ഷേപം. ഗതാഗത തടസ്സം ഒഴിവാക്കാൻ ഏറ്റവും അധികം ട്രാഫിക് പ്രശ്നമുള്ള കെഎസ്ആർടിസി ജംക്‌ഷനിലെ മൂന്നു ബസ് സ്റ്റോപ്പുകളിലും ബസുകൾ നിലവിൽ നിർത്തുന്നിടത്ത് നിന്ന് 20 മീറ്റർ മുന്നോട്ട് മാറ്റി നിർത്താൻ നടപടി ആയെങ്കിലും ഇവിടെ ഗതാഗത കുരുക്കിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പലപ്പോഴും ബസുകൾ പഴയ സ്ഥലങ്ങളിൽ തന്നെ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. സമീപത്തെ സ്വകാര്യ പാർക്കിങ്ങിന്റെ പേരിലുള്ള പരാതികൾക്കും പരിഹാരമില്ല. വിഷയത്തിൽ പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡൻ്റ് ഡോണി കട്ടക്കയം ആവശ്യപ്പെട്ടു.

വർഷങ്ങളായി ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലാണ്. ഈ പ്രദേശത്തെ തിരക്ക് നിയന്ത്രിക്കുവാൻ ആവശ്യപ്പെട്ട് പൊതുജനങ്ങളുൾപ്പെടെ പരാതിയുമായി നിരന്തരം രംഗത്ത് വരാറുണ്ടെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്ന് പൊതുപ്രവർത്തകനും ബസ് ഉടമയുമായ ഡെന്നിസ് എബ്രഹാം പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് സ്ഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഗതാഗത കുരുക്ക് രൂക്ഷമായതോടെ അത് പ്രവർത്തിപ്പിക്കാത്ത സാഹചര്യമാണ്. മഗരത്തിലെ തിരക്കേറിയ ഈ ഭാഗത്തെ ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിന് വിദഗ്ദ സമിതിയെകൊണ്ട് പരിശോധന നടത്തി റിപ്പോർട്ട് തേടേണ്ട സാഹചര്യമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമായി.






