വയനാട്: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഗ്നദൃശങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പതിനാലുകാരനെ പൊലീസ് പിടികൂടി.
ഒരുമാസം നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. സാമൂഹ മാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പെൺകുട്ടികളുടെ ചിത്രം ശേഖരിച്ചിരുന്നത്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി പ്രചരിപ്പിച്ചതിനു പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇൻസ്റ്റഗ്രാം, ടെലിഗ്രം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നിരവധി വിദ്യാർഥിനികളാണ് ഇതിന് ഇരയായത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിൽ അകപ്പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടും ദുരുപയോഗം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആയിരക്കണക്കിന് ഐ.പി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.