കല്ലാനിക്കൽ: ലോക വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമതല കുട്ടികളെ ഏൽപ്പിച്ച് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ. പ്രിൻസിപ്പലായും അധ്യാപകരായും കുട്ടികൾ അധികാരം ഏറ്റെടുത്തത് വേറിട്ട അനുഭവമായി.
ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനി ജൂലിമോൾ ജോസഫാണ് പ്രിൻസിപ്പാളിന്റെ ചുമതല നിർവഹിച്ചത്. മറ്റ് 24 വിദ്യാർത്ഥികൾ അധ്യാപകരായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന് കുട്ടിക്കൂട്ടം അഭിപ്രായപ്പെട്ടു.
ഉത്തരവാദിത്വബോധവും ആത്മവിശ്വാസവും ഉണർത്താനാണ് ലോക വിദ്യാർഥി ദിനത്തിൽ സ്കൂളിന്റെ ചുമതല കുട്ടികൾക്ക് കൈമാറിയതെന്ന് സ്കൂൾ പ്രിൻസിപ്പാൾ ഡോ.സാജൻ മാത്യു പറഞ്ഞു. പ്രിൻസിപ്പാളിനൊപ്പം മറ്റ് അധ്യാപകരായ റെൻസി ജോൺസൺ, ബിജു.എം.ജി, ജോബിൻ ജോസ് എന്നിവർ കുട്ടികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി.