Timely news thodupuzha

logo

യുദ്ധത്തിന് താൽക്കാലിക വിരാമം, വെടിനിർത്തലിന് ധാരണയായി

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമമാകുന്നു. വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. 4 ദിവസത്തേക്ക് വെടിനിർത്തലിനാണ് ധാരണയായത്. ഖത്തറിൻറെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തലിന് കളമൊരുങ്ങിയത്.

വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കരാർ പ്രകാരം ആദ്യഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.

സ്ത്രീകളെയും കുട്ടികളെയുമാകും മോചിപ്പിക്കുക. പകരം തങ്ങളുടെ ജയിലുകളിൽ കഴിയുന്ന 150 പലസ്തീൻ സ്ത്രീകളെയും 19 വയസിന് താഴെയുള്ളവരെയും മോചിപ്പിക്കും.

ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും മാനുഷിക സഹായവും വൈദ്യസഹായവും ഇന്ധന സഹായവും അനുവദിക്കും. വെടിനിർത്തൽ കാലയളവിൽ, ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.

എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതിൽ ഏതെങ്കിലും തരത്തിൽ നടപ്പാകാതെ വന്നാൽ വെടിനിർത്തൽ കരാറിൽ നിന്നും പിൻവാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, കരാറിൻറെ അർഥം യുദ്ധം അവസാനിച്ചുവെന്നല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിൻറെ ഉന്മൂലനം പൂർത്തിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ 5,500-ലധികം കുട്ടികൾ ഉൾപ്പെടെ 14,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *