Timely news thodupuzha

logo

വ്യാജ ഐ.ഡി കാർഡ് കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

അടൂർ: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട സ്വദേശി വികാസ് കൃഷ്‌ണനെ.

ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ മൂന്ന്‌ നേതാക്കളെ ഇന്നലെ പ്രത്യേക അന്വേഷകസംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭി വിക്രമൻ, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന്കുഴിയിൽ ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്തബന്ധം പുലർത്തുന്നവരാണ്‌ ഇവർ. ഫെനി രാഹുലിന്റെ സൊഷ്യൽ മീഡിയ ടീമംഗവുമാണ്‌.

ബിനിൽ കെ.എസ്‌.യു മണ്ഡലം പ്രസിഡന്റും അഭി വിക്രമൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനും കേരള ബാങ്ക് പത്തനംതിട്ട ശാഖാ ജീവനക്കാരനുമാണ്.

മൂവരുടെയും വീടുകളിൽ ചൊവ്വ പുലർച്ചെ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇവയിൽനിന്ന്‌ നശിപ്പിച്ച തെളിവുകൾ സൈബർ പൊലീസ്‌ വീണ്ടെടുത്തതോടെയാണ്‌ അറസ്‌റ്റ്‌.

തെരഞ്ഞെടുപ്പു കമീഷൻ നൽകുന്ന മാതൃകയിലുള്ള വോട്ടർ ഐ.ഡി കാർഡുകൾ, ഇതു തയ്യാറാക്കാനായി സൂക്ഷിച്ച നിരവധി പേരുടെ ചിത്രങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ തെളിവുകളായി വീണ്ടെടുത്തിട്ടുണ്ടെന്നാണ്‌ വിവരം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയന്ത്രണത്തിൽ അടൂർ കേന്ദ്രീകരിച്ചാണ്‌ വ്യാജ കാർഡ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്ഡ് നടത്തിയത്‌.

രാഹുലിന്റെ പറക്കോട്ടെയും കടമ്പനാട്ടെയും ബ്യൂട്ടി പാർലറുകൾ ഇതിന്‌ മറയാക്കിയെന്ന വിവരവും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. രാഹുലിനൊപ്പം നിൽക്കുന്ന ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ്‌ നിരീക്ഷണത്തിലാണ്.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടി പുരോഗമിക്കുന്ന അവസരങ്ങളിലെല്ലാം രാഹുൽ അടൂരിൽ തമ്പടിച്ചത്‌ വ്യാജ കാർഡ് നിർമാണത്തിനായിരുന്നെന്നും ഒപ്പംനിൽക്കുന്ന നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും ഐ ഗ്രൂപ്പ് കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു.

ഇത്‌ ശരിവയ്‌ക്കുന്നതാണ്‌ പൊലീസ്‌ അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ. ഏത്‌ അന്വേഷണവുമായി സഹകരിക്കുമെന്ന്‌ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *