കണ്ണൂര്‍: ശിശു ദിന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ‘വാക്കുപിഴ’ സംഭവിച്ചതാണെന്ന വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘വാക്കുപിഴ’ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തന്നെ സ്നേഹിക്കുന്നവരേയും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ ഓര്‍മ്മപ്പെടുത്തലിനെ എന്‍റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടും. കോണ്‍ഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നും കെ സുധാകരന്‍ പറഞ്ഞു.
വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ വലിയ മനസ്സാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റേത് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവേത്ഥാന സദസ്സിലായിരുന്നു പ്രസംഗം. നെഹ്റുവിന്റെ ജനാധിപത്യ ബോധ്യത്തെ ഉയര്‍ത്തികാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും സംഘപരിവാര്‍ ശക്തികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും സുധാകരന്‍ പറഞ്ഞു.
അതിനിടെ സുധാകരന്‍റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാക്കുപിഴയാണെന്ന പ്രസ്താവനയുമായി സുധാകരൻ രംഗത്ത് എത്തിയത്.