Timely news thodupuzha

അവധാനപൂർവ്വമായ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

എന്താണ് വാർദ്ധക്യം?

വാർദ്ധക്യം എന്നതുകൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത്? വാർദ്ധക്യം അല്ലെങ്കിൽ പ്രായമാകൽ എന്നത് ജൈവജീവികളിൽ കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങളുടെ ആകെത്തുകയാണ്. മനുഷ്യരിൽ വാർദ്ധക്യം എന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളുടെ ഒരു ബഹുമുഖ പ്രക്രിയയെ സൂചിപ്പിക്കുന്നു. വാർദ്ധക്യത്തിൽ മനുഷ്യരിലെ ചില മാനങ്ങൾ കാലക്രമേണ വളരുകയും വികസിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചില തലങ്ങളിൽ ക്ഷയം സംഭവിക്കാറുണ്ട്. ഉദാഹരണത്തിന്, ശാരീരിക ശേഷിയും പ്രതികരണ സമയവും പ്രായത്തിനനുസരിച്ച് മന്ദഗതിയിലായേക്കാം, അതേസമയം ലോക സംഭവങ്ങളെയും ജ്ഞാനത്തെയും കുറിച്ചുള്ള അറിവ് വികസിച്ചേക്കാം. ജീവിതത്തിന്റെ അവസാനത്തിൽ പോലും ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്കും വികാസത്തിനും സാധ്യതയുണ്ടെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിക്കുന്നു. ജൈവിക മാറ്റങ്ങൾക്കനുസരിച്ച്, സാംസ്കാരികവും സാമൂഹികവുമായ നിലകളിൽ വാർദ്ധക്യത്തിൽ മാന്ദ്യം പ്രതിഫലിപ്പിക്കുമെന്നത് എല്ലാ മനുഷ്യ സമൂഹങ്ങളിലും നാം കാണുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്നത് കാലക്രമാടിസ്ഥാനത്തിലാണ്. ഒരാൾ എത്ര വർഷം, മാസം, ദിവസം ജീവിച്ചിരുന്നു എന്നതാണ് ഇതിനടിസ്ഥാനം.

വാർദ്ധക്യം എന്ന പദം കുറച്ച് അവ്യക്തമാണ്. ഈ വാക്കിന് രണ്ടു അർത്ഥത്തിൽ നമുക്ക് വേർതിരിക്കാം – ഒന്നാമത്തേത് സാർവത്രിക വാർദ്ധക്യം, രണ്ടാമത്തേത് സാധ്യതയുള്ള വാർദ്ധക്യം. കാലക്രമത്തിലുള്ള വാർദ്ധക്യത്തെ സാമൂഹിക വാർദ്ധക്യം, ജൈവ വാർദ്ധക്യം എന്നു വിളിക്കാം. സാധ്യതയുള്ള വാർദ്ധക്യത്തെ സമീപസ്ഥ വാർദ്ധക്യം (proximal ageing), എന്നും ദൂരസ്ഥ വാർദ്ധക്യം (distal ageing) എന്നിങ്ങനെ വിളിക്കാം. ഒറ്റ വക്കിൽ വാർദ്ധക്യം ജീവശാസ്ത്രപരമായ ധർമ്മങ്ങൾ നിലനിർത്താനും പരിപാലിക്കുവാനുമുളള ശരീരത്തിന്റെ ശേഷി ക്രമേണ കുറയുകയും ഉപാപചയ സമ്മർദ്ദവുമായി (metabolic stress) പൊരുത്തപ്പെടാനുള്ള ജീവിയുടെ കഴിവു നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഒരു കോശത്തിലോ, അവയവത്തിലോ മൊത്തത്തിലുള്ള ജീവിയിലോ വാർദ്ധക്യം സംഭവിക്കാം. ഏതൊരു ജീവിയുടെയും പ്രായപൂർത്തിയായ ജീവിതകാലം മുഴുവൻ നടക്കുന്ന ഒരു പ്രക്രിയയാണിത്. പ്രായമാകൽ പ്രക്രിയയെക്കുറിച്ചുള്ള പഠിക്കുകയും വ്യക്തിജീവിതത്തിന്റെ പരിമിതിയിലേക്ക് സംഭാവന ചെയ്യുന്ന എല്ലാ ഘടകങ്ങളെയും മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നീക്കിവച്ചിരിക്കുന്ന ശാസ്ത്രശാഖയാണ് വർദ്ധക്യവിജ്ഞാനീയം (gerontology).

വാർദ്ധക്യത്തിന്റെ വിവിധ മാനങ്ങൾ

ജീവശാസ്ത്രപരമായ വീക്ഷണകോണിൽ നിന്നും വാർദ്ധക്യത്തെ കൃത്യമായി നിർവചിക്കാൻ കഴിയില്ലെന്ന് ശാസ്ത്രകാരന്മാർ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാൽ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ആശയം ഇത് ജീവിത ചക്രത്തിന്റെ ഒരു ഭാഗമാണ്. അതായത്, ഒരു വ്യക്തിയുടെ ജീവിതം ജനനം, ശൈശവം, കൗമാരം, യൗവനം എന്നി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഒരു നിശ്ചിത ഘട്ടത്തിൽ ഓരോ വ്യക്തിയും പ്രായമാകാൽ പ്രക്രിയയ്ക്ക് വിധേയമായി തുടങ്ങും. പ്രായമാകൽ പ്രക്രിയ എല്ലാവരിലും ഒരേ സമയം ആരംഭിക്കുന്നില്ല. ഒരേ വ്യക്തിയിലെ എല്ലാ അവയവങ്ങളും ഒരേ നിരക്കിൽ പോലും പ്രായമാകിലിന് വിധേയമാവുന്നില്ല. ഇക്കാരണത്താൽ, പ്രായമാകൽ എപ്പോൾ, ഏത് അവയവത്തിൽ ആരംഭിക്കുമെന്ന് കണക്കാക്കാൻ പ്രയാസമാണ്. വാർദ്ധക്യം ഒരു വിശാലമായ പ്രതിഭാസമായി നമ്മൾ കരുതണം. ഇത് പ്രധാനമായും ഒരു ശാരീരിക പ്രക്രിയയാണ്. എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതിന് മനഃശാസ്ത്രപരവും സാമൂഹികവുമായ മാനങ്ങൾ കൂടിയുണ്ട്. ശാസ്ത്ര സാങ്കേതിക പാഠാനത്തോടൊപ്പം നമ്മൾ അവശ്യം അറിഞ്ഞിരിക്കേണ്ട, അഭ്യസിക്കേണ്ട, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ഒരു വിഷയമാണ് സമഗ്രമായ വയോവൃദ്ധിയെക്കുറിച്ചുളള പാഠങ്ങളും. അതെ, മനസ്സുനിറഞ്ഞ ഒരു വർദ്ധക്യം നമുക്കും ഉണ്ടാകാൻ നാം പരിശീക്കേണ്ട കലയാണിത്.

എപ്പോഴാണ് വയോവൃദ്ധി ആരംഭിക്കുന്നത്?

ഏതു പ്രയം മുതലാണ് ഒരു വ്യക്തി വയോവൃദ്ധിലേയ്ക്ക് പ്രവേശിക്കുക? ശാസ്ത്രജ്ഞർക്ക് പോലും കൃത്യമായി ഉത്തരം പറയാൻ സാധിക്കാത്ത ഒരു ചോദ്യമാണിത്. പാശ്ചാത്യലോകത്ത് വാർദ്ധക്യം അറുപത് അല്ലെങ്കിൽ അറുപത്തിയഞ്ചാം വയസ്സിൽ ആരംഭിക്കുന്നു എന്നു പറയാം. ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ, വാർദ്ധക്യം ഒരുപക്ഷേ, നാല്പതു വയസ്സു മുതൽ കണക്കാക്കപ്പെടാം. മനുഷ്യരിൽ ജീവിതത്തിന്റെ അവസാന ഘട്ടം എന്നും ഈ കാലഘട്ടത്തെ വിളിക്കാം. നമ്മുടെ പുറം അൽപ്പം കൂടുതൽ വേദനിക്കാൻ തുടങ്ങുമ്പോഴോ, ദൈനംദിന സംഭാഷണം കേൾക്കാൻ നമുക്ക് കൂടുതൽ ബുദ്ധിമുട്ട് നേരിടുമ്പോഴോ, നമുക്ക് പ്രായമായി എന്ന് കരുതിത്തുടങ്ങാം. ഇത് ഒരു വ്യക്തിയുടെ ജീവിത പ്രക്രിയകളിലെ അവസാന ഘട്ടമോ, ഒരു ജനസംഖ്യയിലെ ഏറ്റവും മുതിർന്ന അംഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രായ വിഭാഗമോ, തലമുറയോ ആണ്. ജീവശാസ്ത്രം, ജനസംഖ്യാശാസ്ത്രം (മരണനിരക്കിന്റെയും രോഗാവസ്ഥയുടെയും അവസ്ഥകൾ), തൊഴിൽ, വിരമിക്കൽ, സാമൂഹ്യശാസ്ത്രം എന്നിവ കൂടി വാർദ്ധക്യത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ നാം കണക്കിലെടുക്കണം. ഇതിനുപുറമേ, വാർദ്ധക്യത്തിന്റെ സാമൂഹിക വശങ്ങൾ, വാർദ്ധക്യത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങൾ, ഒരു തലമുറയുടെ കൂട്ടായ അനുഭവങ്ങൾ, അത് നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രത്യേക ഘടനയുമായി പങ്കിട്ട മൂല്യങ്ങൾ എന്നിവയുടെ സ്വാധീനവും പരിഗണനാർഹമാണ്.

തുടരും…..

Leave a Comment

Your email address will not be published. Required fields are marked *