തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി.
വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്‌മാന്‍റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇടതുപക്ഷത്തെ നിരവധി നേതാക്കന്മാര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.