കൊച്ചി: ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാമെന്ന് കെ.എസ്.ഇ.ബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്നും കെ.എസ്.ഇ.ബി പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു.
എന്നാല്‍, ഇത്തവണ മാര്‍ച്ച് 23ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയാണുള്ളതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.