ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമുണ്ടാകുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ചൂണ്ടിക്കാട്ടി ഏപ്രിൽ രണ്ടിന് മാധ്യമങ്ങൾ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എ.ജെ വിൽസൺ, കംപ്ലെയിൻസ് എക്സാമിനോട് പ്രഥാമിക അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാർത്തകൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി 30ആം തീയതി രാവിലെ 10.30ന് അന്വേഷണ ഉദ്യോഗസ്ഥൻ വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തൊടുപുഴ നഗര പ്രദേശം, കുമ്മംകല്ല്, ദേവികുളം, വട്ടവട, കട്ടപ്പന, അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ നിരന്തരമുണ്ടാകുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ലോ മെമ്പർ അഡ്വ. എ.ജെ വിൽസൺ ചർച്ചയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഇടുക്കി ജില്ലയിലെ വൈദ്യുതി മുടക്കവും വോൾട്ടേജിന്റെ അപര്യാപ്തതയും സംബന്ധിച്ചുള്ള പരാതികളും അഭിപ്രായങ്ങളും ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പായി തൊടുപുഴ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയോ ksercekmca@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കാം.