Timely news thodupuzha

logo

പതിനാറുകാരിയെ പീഡിപ്പിച്ച എസ്‌.ഐക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും

തിരുവനന്തപുരം: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എസ്.ഐ കോലിയക്കോട് സ്വദേശി സജീവ് കുമാറിനെ(54) ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറയുന്നു. പിഴ തുക പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കു നൽകണം.

2019 നവംബർ 26ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവം നടക്കുന്ന കാലത്ത് പ്രതി റെസിഡൻ്റ്സ് അസോസിയേഷന്റെ പ്രസിഡന്റും കുട്ടി ചിൽഡ്രൻസ് ക്ലബിന്റെ പ്രസിഡന്റും ആയിരുന്നു.

റെസിഡൻ്റ്സ് അസോസിയേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ സ്വന്തം വീട്ടിൽ വിളിച്ച് വരുത്തുകയായിരുന്നു.

പ്രതിയുടെ മകൾ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടിൽ പോയത്. ലിസ്റ്റ് വാങ്ങുതിനിടെയാണ് പ്രതി കുട്ടിയെ മടിയിൽ പിടിച്ച് ഇരുത്തി കടന്ന് പിടിച്ചത്.

കുട്ടി പെട്ടെന്ന് കൈതട്ടി മാറ്റി വീട്ടിൽ നിന്ന് ഓടി. പ്രതി പുറകെ ഓടിച്ചെന്ന് ഈ സംഭവത്തിൽ പിണങ്ങരുതെന്ന് പറഞ്ഞു. സംഭവത്തിൽ ഭയന്ന കുട്ടി അന്നേ ദിവസം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം സ്‌കൂളിലെ അധ്യാപികയോട് വിവരം വെളിപ്പെടുത്തുകയും പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് അധ്യാപികയാണ് സംഭവം പോലീസിൽ അറിയിച്ചത്.

സംഭവം സമയം പ്രതി ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു. സംഭവത്തിൽ കേസ് എടുത്തതിനെ തുടർന്ന് പ്രതിയെ സർവ്വീസിൽ നിന്നു പിരിച്ചു വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയ് മോഹൻ ആർ.എസ്, അഡ്വ. അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി.

പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ രേഖകൾ ഹാജരാക്കുകയും പ്രതിഭാഗം 7 സാക്ഷികളെ വിസ്തരിക്കുകയും 4 രേഖകൾ ഹാജരാക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി.എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *