കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിൽ ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്ത്. പാർപ്പിട സമുച്ഛയത്തിലേക്ക് റോഡ് നിർമിച്ചത് തണ്ണീർതടം നികത്തിയെന്ന് കണ്ടെത്തിയ റവന്യൂ അധികൃതർ, നിർമാണം നിർത്തിവയ്ക്കാനായി നോട്ടീസ് നൽകി. എന്നാൽ ഇതും മറികടന്നാണിപ്പോൾ നിർമാണം പൊടിപൊടിക്കുന്നത്. നിർമാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഒളവണ്ണ വില്ലേജിൽ തവിട്ടേരിക്കുന്ന് ഉൾപ്പെടുന്ന ഭാഗത്താണ് ഹൈലൈറ്റ് ഗ്രൂപ്പിൻറെ പുതിയ പാർപ്പിട സമുച്ഛയം ഉയരുന്നത്.
ഒരു വൻകിട വികസന പദ്ധതി എന്ന നിലയിൽ നാടിനും പഞ്ചായത്തിനും അത് നേട്ടമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ മഴക്കാലത്ത് പ്രളയത്താൽ വലയുന്ന ഈ നാട്ടിൽ കുന്നുകൾ ഇടിക്കുന്നതും തണ്ണീർതടം നികത്തുന്നതും കണ്ടപ്പോഴാണ് പ്രതിഷേധങ്ങൾ ഉയർന്നത്. എതിർപ്പുകൾ മറികടന്ന് നിർമാണം തുടങ്ങിയപ്പോഴാകട്ടെ വായു-ശബ്ദ മലീനികരണം കൊണ്ട് പരിസരവാസികൾക്ക് ജീവിക്കാൻ കഴിയാതെയുമായി. ഇതിനിടെയാണ് പദ്ധതി പ്രദേശത്തേക്ക് ഹൈലറ്റ് ഗ്രൂപ്പ് ദേശീയപാതയിൽ നിന്ന് പുതിയൊരു റോഡ് നിർമിച്ചത്. പരാതിയെ തുടർന്ന് സ്ഥലം പരിശോധിച്ച വില്ലേജ് അധികൃതർ തണ്ണീർതടം നികത്തിയാണ് റോഡ് നിർമിക്കുന്നതെന്ന് കണ്ടെത്തി. നിർമാണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകി. എന്നിട്ടും നിർമാണം തുടർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. അതും ഫലം കാണാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.