കളമശേരി: കങ്ങരപ്പടിയിൽ നിയന്ത്രണം വിട്ട തടി കയറ്റിയ മിനിലോറി അഞ്ച് വാഹനങ്ങളിൽ ഇടിച്ച് മെഡിക്കൽ ഷോപ്പിലേക്ക് കയറി. അപകടത്തിൽ ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്കേറ്റു.
എടത്തല സ്വദേശി പഞ്ചായത്ത് റോഡിൽ, മോച്ചാൻകുളം, താണിക്കപ്പിള്ളി ഷിയാസിൻ്റെ ഭാര്യ ആബിദ(45 ), എറണാകുളം കുറുമശ്ശേരി സ്വദേശി അനിൽ(62) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 3.55നോ ടെയായിരുന്നു അപകടം.
അങ്കമാലിയിൽ നിന്നും കങ്ങരപ്പടിയിലെ എസ് എൻ സ്കൂളിന് സമീപത്തെ സ്വകാര്യ തടിമില്ലിലേക്ക് തടിയുമായി വന്ന മിനിലോറിയാണ് ബ്രേക്ക് പോയി അപകടത്തിൽപ്പെട്ടത്.
എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ലോറി കങ്ങരപ്പടി കവലക്ക് തൊട്ട് മുമ്പ് റോഡിനു വലതു വശത്തുള്ള മില്ലിലേക്ക് തിരിയുന്ന ഭാഗത്ത് എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് കങ്ങരപ്പടി കവലയിലേക്ക് ഇറങ്ങിയത്.
കങ്ങരപ്പടി കവലയിൽ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം രണ്ട് കാറിലും രണ്ട് ഓട്ടോറിക്ഷയിലും തട്ടി തുടർന്ന് നവോദയാ റോഡിലെ മീഡിയനിലും തട്ടിയ ശേഷം മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഉദ്ദേശം 100 മീറ്ററിലേറെ ദൂരം ലോറി നിയന്ത്രണം വിട്ട് ഓടി മെഡിക്കൽ ഷോപ്പിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. ഡ്രൈവറുടെ തലക്ക് പരിക്കേറ്റു. രണ്ട് പേരും എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
മെഡിക്കൽ ഷോപ്പിലെ ജീവനക്കാരി ലോറി വരുന്നത് കണ്ട് ഓടിമാറിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മെഡിക്കൽ ഷോപ്പിൽ മരുന്നു വാങ്ങാൻ ആളുകളാരും ഇല്ലാതിരുന്നതും ഭാഗ്യമായി.
കവലയിൽ അധികം വാഹനങ്ങളി ല്ലാതിരുന്നതിനാലും യാത്രക്കാരില്ലാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ മെഡിക്കൽ ഷോപ്പിന്റെ ഒരു ഭാഗം തകർന്നു. മിനി ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.