Timely news thodupuzha

logo

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നത്.

ഇതിലൂടെ 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും.

വളരെ വിലപിടിപ്പുള്ള മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ (കെഎംഎസ് സിഎൽ) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക.

ഇതിനായി കാരുണ്യ ഫാർമസികളിൽ “ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും. ജൂലൈയിൽ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്.

ഇത് കൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകൾ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *