ന്യൂഡൽഹി: കനത്ത മഴയിൽ നിർമ്മാണത്തിലിരിന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സൂരജ്പുരിൽ വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം.
നിർമാണത്തിലിരുന്ന മതിലിന് സമീപം കളിച്ച് കൊണ്ടിരുന്ന ഒരേ കുടുംബത്തിൽലെ എട്ട് കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
അഹദ്(4), അൽഫിസ(2), ആദിൽ(8) എന്നിവരാണ് മരിച്ചത്. ആയിഷ(16), ഹുസൈൻ(5), സോഹ്ന(12), വാസിൽ(11), സമീർ(15) എന്നിവർക്കാണ് പരിക്കേറ്റത്.
പരുക്കേറ്റ അഞ്ച് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത മഴ പെയ്തിരുന്നു. ഈ മഴയിൽ ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞ് വീഴുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം.