Timely news thodupuzha

logo

റഷ്യൻ സൈന്യത്തിന് നേരെ യുക്രൈൻ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശൂർ: റഷ്യൻ സൈനിക സംഘത്തിന് നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രൻ്റെ മകൻ സന്ദീപാണ്‌(36) റഷ്യൻ സൈന്യത്തോട് ഒപ്പം ഉണ്ടായിരുന്നത്.

സന്ദീപ് ഉൾപ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയിൽ മൃതദേഹങ്ങൾ റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ വിവരം ലഭിച്ചു.

സംഭവത്തിൽ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയിൽ നിന്നുള്ള മലയാളി സംഘടനകൾ അറിയിച്ചു.

റഷ്യയിലെ റൊസ്‌തോവിൽ സന്ദീപ് ഉൾപ്പെട്ട സംഘത്തിന് നേരെ ആക്രമണം ഉണ്ടായെന്ന് റഷ്യൻ മലയാളി ഗ്രൂപ്പുകളിൽ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്.

സന്ദീപിനെ കുറിച്ച് വിവരങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ എസ് ജയ്ശങ്കർ, സുരേഷ്‌ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. നോർക്ക വഴി റഷ്യയിലെ ഇന്ത്യൻ എംബസിയിലും ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു.

ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിൽ റസ്റ്റോറൻറിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.

എന്നാൽ സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തിൽ ചേർന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തിൽ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

Leave a Comment

Your email address will not be published. Required fields are marked *